'ഇന്നലെ എന്റെ ബർത്ത്‌ഡേ, ഇന്ന് മറ്റൊരാളുടേത്'; ഗോവയിലെ സ്ഥാനാർഥികൾ റിസോർട്ടിൽ ജന്മദിനാഘോഷത്തിലാണെന്ന് കോൺഗ്രസ് നേതാവ്

2017ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല

Update: 2022-03-09 14:47 GMT
Advertising

ഗോവ സംസ്ഥാന തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികൾ റിസോർട്ടിൽ തന്റെ ജന്മദിനം ആഘോഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത്. സാധാരണ നഗരത്തിലാണ് ആഘോഷം നടക്കാറുള്ളതെങ്കിലും ഇക്കുറി എല്ലാവരെയും ഒരുമിച്ച് കൂട്ടാൻ തനിക്കറിയാവുന്ന റിസോർട്ടിൽ പരിപാടി സംഘടിപ്പിക്കുകയായിരുന്നുവെന്നും ഗോവയിലെ മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിവരെ പാർട്ടിയായിരുന്നതിനാൽ ചിലർ അവിടെ നിന്നുവെന്നും ഇന്ന് മറ്റൊരാളുടെ ജന്മദിനമായിരുന്നതിനാൽ ആഘോഷം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.


Full View


വ്യാഴാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തൂക്കുസഭയ്ക്ക് സാധ്യതയുള്ളതിനാൽ സ്ഥാനാർഥികളെ നിർബന്ധപൂർവം പിടിച്ചുനിർത്തിയതാണെന്ന ആരോപണം നിഷേധിച്ച അദ്ദേഹം അവർ സ്വമനസ്സാലെ റിസോർട്ടിൽ താമസിക്കുകയാണെന്നും പറഞ്ഞു. 40 അംഗനിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും 16 വീതം സീറ്റുകൾ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബാക്കി സീറ്റുകൾ തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നിവയടക്കം ചെറുപാർട്ടികൾക്ക് ലഭിക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഇവരുമായി കോൺഗ്രസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

2017ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. എംജിപിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു. മുമ്പ് ബിജെപി ഭരണഘടനയെ അവഹേളിച്ചെന്നും എംഎൽഎമാരെ മോഷ്ടിച്ചെന്നും കാമത്ത് പറഞ്ഞു. എന്നാൽ ഇക്കുറി എംഎൽഎമാർക്ക് ഒട്ടും സമ്മർദമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി സ്ഥാനാർഥികളും റിസോർട്ടിലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അത്തരം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിശ്വജിത്ത് റാണയാണ് ആദ്യമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2018ൽ മറ്റു രണ്ടുപേർ കൂടി ബിജെപിയിലെത്തി. 2019 ജൂലൈയിൽ പത്ത് എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് എതിർപാളയത്തിൽ ചേക്കേറിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കഴിഞ്ഞ വർഷം കോൺഗ്രസ് എംഎൽഎയായ ലൂസിഞ്ഞോ ഫലേറിയോ പാർട്ടി വിട്ടിരുന്നു. തൃണമൂൽ കോൺഗ്രസിലേക്കായിരുന്നു മാറ്റം. അഞ്ചു വർഷം കൊണ്ട് നിയമസഭയിലെ കോൺഗ്രസിന്റെ അംഗങ്ങൾ രണ്ടുപേരായി ചുരുങ്ങിയിരുന്നു.

The Congress leader said that the candidates in Goa were celebrating their birthdays at the resort

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News