'രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം തിരിച്ചുകൊണ്ടുവരും'-ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
'മണിപ്പൂരിൽ ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്'
ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യമെങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ചാണ് മോദി തുടങ്ങിയത്. മണിപ്പൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്കും രക്തസാക്ഷികളായവർക്കുമെല്ലാം ആദരാജ്ഞലി അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ എന്റെ നാട് ജനസംഖ്യയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായിരിക്കുകയാണെന്നും എന്റെ 140 കോടി കുടുംബാംഗങ്ങളും സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണെന്നും മോദി പറഞ്ഞു. തുടർന്നായിരുന്നു മണിപ്പൂരിലേക്കു കടന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമപരമ്പരകൾക്കാണ് മണിപ്പൂർ സാക്ഷിയായത്. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. എന്നാൽ, മേഖലയിൽ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകൂ. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്-നരേന്ദ്ര മോദി പറഞ്ഞു.
അന്നത്തെ കാലത്ത് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിൽ, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും സത്യഗ്രഹത്തിലൂടെയും ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു തുടങ്ങിയവരുടെ രക്തസാക്ഷിത്വത്തിലൂടെയുമെല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു സംഭാവന ചെയ്യാത്തവർ കുറവാണെന്ന് മോദി പറഞ്ഞു. ഇന്നത്തെ നമ്മുടെ തീരുമാനങ്ങളും ആത്മാർപ്പണങ്ങളും അടുത്ത ആയിരം വർഷത്തെ സ്വാധീനിക്കും. പുത്തൻ ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമായി രാജ്യം മുന്നോട്ടുകുതിക്കുകയാണ്. ജനസംഖ്യയ്ക്കും ജനാധിപത്യത്തിനും വൈവിധ്യത്തിനും രാജ്യത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനാകും. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ ലോകം പുതിയ പ്രതീക്ഷ വയ്ക്കുന്നു. കോടിക്കണക്കിനു യുവാക്കൾ ഇന്ന് ഇന്ത്യയ്ക്കുണ്ട്. നഷ്ടപ്പെട്ട സമൃദ്ധി രാജ്യം തിരിച്ചുപിടിക്കുമെന്ന് മോദി തുടർന്നു.
''സാങ്കേതികവിദ്യയാണ് ലോകം ഭരിക്കുന്നത്. സാങ്കേതികരംഗത്തെ പ്രതിഭകളിലൂടെ ആഗോളതലത്തിൽ ഇന്ത്യയ്ക്കു പുതിയ ദൗത്യങ്ങളാണുള്ളത്. ലോകത്തെ സ്റ്റാർട്ടപ്പുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്കു വലിയ മുന്നേറ്റമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വൻകിട നഗരങ്ങളിലെ യുവാക്കൾക്കുപുറമെ ചെറിയ നഗരങ്ങളിലെ യുവാക്കളും നിർണായക പങ്കുവഹിച്ചു. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾ പോലും പ്രാപ്തരായി. യുവാക്കൾ ആഗ്രഹിക്കുന്നതിലും അധികം അവസരങ്ങൾ ഒരുക്കാൻ രാജ്യം തയാറാണ്.''
കാർഷിക മേഖലയിലെ മുന്നേറ്റത്തിന് കർഷകരുടെ പ്രയത്‌നമാണു കാരണം. ജി 20 ഇന്ത്യയ്ക്കു പുതിയ ദിശ നൽകുന്നു. രാജ്യത്തിന്റെ കയറ്റുമതി വർധിച്ചു. ലോകം കൊറോണയ്ക്കുശേഷം ഇന്ത്യയിൽ പ്രതീക്ഷവയ്ക്കുന്നു. കൊറോണ കാലത്ത് ഇന്ത്യ ലോകനന്മയ്ക്കായി പ്രവർത്തിച്ചു. ലോകത്ത് ഇന്ത്യ സ്ഥിരതയുടെ ഉറപ്പുനൽകുന്നു. ഇപ്പോൾ പന്ത് ഇന്ത്യയുടെ കൈയിലാണെന്നും അവസരങ്ങൾ നഷ്ടപ്പെടുത്താൻ രാജ്യം തയാറല്ലെന്നും മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെ മന്ത്രിമാരും വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള അതിഥികളടക്കം രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. 2021ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിനും ഇന്നു സമാപനം കുറിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തിയിട്ടുണ്ട്.
Summary: ''The incidents happened in Manipur are unfortunate, we will bring peace there. The country is with Manipur'': PM Narendra Modi in his speech at the Red Fort in Delhi, marking India's 77th Independence Day