ഗ്യാൻവാപി മസ്ജിദിലെ നിലവറക്ക് മുകളിൽ നമസ്കാരം വിലക്കണമെന്ന ഹരജി തള്ളി കോടതി

പൂജ നടക്കുന്ന നിലവറയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകണമെന്ന ആവശ്യവും നിരസിച്ചു

Update: 2024-09-13 17:16 GMT
Advertising

ലഖ്നൗ: ഗ്യാൻവാപി മസ്ജദിലെ നിലവറക്ക് മുകളിൽ മുസ്‍ലിംകൾ നമസ്കാരം നിർവഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹരജി വാരാണസി കോടതി തള്ളി. പൂജ നടക്കുന്ന നിലവറയിൽ അറ്റകുറ്റപ്പണികൾ നടത്താൻ വാരാണസി ജില്ലാ മജിസ്ട്രേറ്റിന് അനുമതി നൽകണമെന്ന ആവശ്യവും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ഹിതേഷ് അഗർവാൾ നിരസിച്ചു. രാഖി സിങ് അടക്കമുള്ളവരാണ് ഹരജി സമർപ്പിച്ചത്. അതേസമയം, നിലവറയിൽ പൂജ തുടരാമെന്നും കോടതി അറിയിച്ചു. കേസിൽ വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.

നിലവറയുടെ മേൽക്കൂരക്ക് ബലക്ഷയം സംഭവിച്ചതിനാൽ മുസ്‍ലിംകൾ നമസ്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. നിലവറ ഏറെ പഴക്കമുണ്ടെന്നും മുകളിൽനിന്ന് വെള്ളം ചോരുന്നുണ്ടെന്നും കാണിച്ച് അറ്റകുറ്റപ്പണിക്ക് അനുമതി നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഈ വാദത്തെ മുസ്‍ലിം വിഭാഗം എതിർക്കുകയും നിലവറക്ക് മുകളിൽ വർഷങ്ങളായി നമസ്കരിക്കുന്നു​ണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരിയിലാണ് മസ്ജിദിന്റെ നിലവറയിൽ ഹിന്ദു വിഭാഗക്കാർക്ക് പൂജ നടത്താൻ അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹരജി സു​പ്രിംകോടതി തള്ളിയിരുന്നു. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസ്സമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിശദമായി വാദംകേട്ട കോടതി പള്ളിയിൽ പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തൽസ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്നും കോടതി അറിയിച്ചു.

വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉൾപ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാൻ അനുമതി നൽകിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങൾ രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ പൂജയും നമസ്‌കാരവും തുടരുന്നതിൽ ഒരു തരത്തിലുമുള്ള പ്രശ്‌നവുമില്ലെന്നും നിരീക്ഷിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News