കോൺഗ്രസില്‍ 'തിരുത്തല്‍' നീക്കം ശക്തം; 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേർന്ന് ജി-23 നേതാക്കൾ

ഇന്നലെ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാൻ, പി.ജെ കുര്യൻ, മണിശങ്കർ അയ്യർ, ശശി തരൂർ തുടങ്ങിയവർ ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു

Update: 2022-03-17 15:59 GMT
Advertising

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേർന്ന് കോൺഗ്രസിലെ ജി23 നേതാക്കൾ. കപിൽ സിബൽ, ഭൂപീന്ദർ ഹൂഡ, ജനാർദ്ധൻ ദ്വിവേദി എന്നിവരടങ്ങുന്ന സംഘം മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം ചേരുന്നത്. ഇന്ന് കാലത്ത് രാഹുൽഗാന്ധിയുമായി ഹൂഡ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അവലോകന യോഗമാണ് നടക്കുകയെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ഇന്നലെ ചേർന്ന യോഗത്തിന്റെ വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഇന്നലെ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാൻ, പി.ജെ കുര്യൻ, മണിശങ്കർ അയ്യർ, ശശി തരൂർ തുടങ്ങിയവർ ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി യോഗത്തിൽ അവർ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് ജി 23 നേതാക്കൾ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പ്രവർത്തകസമിതിയിൽ സോണിയാ ഗാന്ധി തുടരാൻ തീരുമാനിച്ചതിന് പിന്നാലെ കപിൽ സിബൽ 'ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഗാന്ധി കുടുംബം മാത്രമല്ല ഉത്തരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു. അഖിലേന്ത്യ, സംസ്ഥാനം, ജില്ല, ബ്ലോക്ക് എന്നീ തലങ്ങളിലായി നേതൃപദവിയിലുള്ളവരെല്ലാം പരാജയത്തിന് ഉത്തരവാദികളാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ജി23 വിമതർ പാർട്ടിയെ വിഘടിപ്പിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. ഗോവയുടെ ചുമതലയുണ്ടായിരുന്ന താൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് പോലെ ഗാന്ധി കുടുംബവും ഉത്തരവാദിത്വം ഏറ്റിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയാ ഗാന്ധി തന്റെ മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരോടൊപ്പം നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് മറ്റു പല നേതാക്കളെയും പോലെ ചിദംബരവും സ്ഥിരീകരിച്ചു. എന്നാൽ പ്രവർത്തക സമിതി അത് സ്വീകരിച്ചില്ലെന്നും ഉടൻ പുതിയ പ്രസിഡൻറിനെ കണ്ടെത്തുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് ആഗസ്റ്റിലാണ് നടപ്പാകുകയെന്നും അതുവരെ സോണിയ നയിക്കുമെന്ന് താനുൾപ്പെടെയുള്ളവർ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Full View


The G23 leader of the Congress convened a second meeting in 24 hours

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News