അർധരാത്രിയിൽ ഗ്യാൻവാപി മസ്ജിദിൽ നാടകീയ നീക്കങ്ങൾ; പള്ളിയുടെ ഇരുമ്പു ഗ്രില്ലുകൾ തകർത്താണ് നിലവറയിൽ വിഗ്രഹം സ്ഥാപിച്ചത് : മസ്ജിദ് കമ്മിറ്റി
1993ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പള്ളിയുടെ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച ഇരുമ്പു ഗ്രില്ലുകളാണ് ആദ്യം പൊളിച്ചത്
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ തെക്കെ നിലവറയിൽ പൂജ നടത്താൻ രാത്രിയിൽ പള്ളിയുടെ ഇരുമ്പു ഗ്രില്ലുകൾ മുറിച്ച് മാറ്റി. ഇതിന് ശേഷമാണ് രാത്രി 12 മണിയോടെ പള്ളിക്കടിയിലുള്ള തെക്കേ നിലവറയിൽ വിഗ്രഹം സ്ഥാപിച്ചതെന്ന് അൻജുമൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റി ജോയന്റ് സെക്രട്ടറി സയ്യിദ് അഹ്മദ് യാസീൻ. പൂജ നടത്താൻ കോടതി വിധിച്ചതിനു പിന്നാലെ ബുധനാഴ്ച അർധരാത്രി നടത്തിയ നാടകീയ നീക്കങ്ങളിലൂടെയാണ് ഉത്തർപ്രദേശ് വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും അദ്ദേഹം ‘മാധ്യമം’ പത്രത്തിനോട് പറഞ്ഞു..
വാരാണസി ജില്ല മജിസ്ട്രേറ്റ് എസ്. രാജലിംഗം, കമീഷണർ കൗശൽ രാജ് ശർമ, കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് സി.ഇ.ഒ എന്നിവരുടെ നേതൃത്വത്തിലാണ് അർധരാത്രി 12 മണിയോടെ വിഗ്രഹം സ്ഥാപിച്ചത്. 1993 വരെ ഹിന്ദുക്കൾ പൂജ നടത്തിയിരുന്നുവെന്ന അവാസ്തവം അംഗീകരിച്ചാണ് കോടതി, പള്ളിയിൽ പൂജക്ക് അനുമതി നൽകിയതെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതി ഉത്തരവിനുശേഷം ബുധനാഴ്ച അർധരാത്രി നടന്ന വിഗ്രഹപ്രതിഷ്ഠയെന്നും അദ്ദേഹം പറഞ്ഞു.
1993ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പള്ളിയുടെ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച ഇരുമ്പു ഗ്രില്ലുകളാണ് ആദ്യം മുറിച്ചുമാറ്റിയത്. രാത്രി 10 മണിക്കാണിത് തുടങ്ങിയത്. അത് പൂർത്തിയാക്കിയ ശേഷമാണ് 12 മണിയോടെ ഇവരുടെ നേതൃത്വത്തിൽ പള്ളിക്കടിയിലുള്ള തെക്കേ നിലവറയിൽ വിഗ്രഹം സ്ഥാപിച്ചത്. ആ സമയത്ത് പള്ളിയിലുണ്ടായിരുന്ന ഇമാം മഹ്ബൂബ് ആലവും മുഅദ്ദിനുമാണ് ഇത് കണ്ടതെന്നും യാസീൻ പറഞ്ഞു.
അർധരാത്രി ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിക്കാതിരുന്ന മസ്ജിദ് കമ്മിറ്റി ഇത് കണ്ടതോടെയാണ് അടിയന്തര സ്റ്റേക്കായി അർധരാത്രിതന്നെ സുപ്രീംകോടതിയെ സമീപിച്ചത്. മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഹുസൈൽ അഹ്മദ് അയ്യൂബി ഹരജി തയാറാക്കി സുപ്രീംകോടതി രജിസ്ട്രിയിൽ നൽകിയപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉണരുന്നമുറക്ക് ഹരജി ധരിപ്പിച്ച് വിവരമറിയിക്കാമെന്ന് രജിസ്ട്രിയിൽനിന്ന് മറുപടി കിട്ടി. തുടർന്ന് രാവിലെയാണ് സ്റ്റേക്കുള്ള ഹരജി സ്വീകരിക്കില്ലെന്നും അതുമായി അലഹബാദ് ഹൈകോടതിയിലേക്ക് പോകാൻ ചീഫ് ജസ്റ്റിസ് പറഞ്ഞതെന്നും രജിസ്ട്രി അറിയിച്ചത്.
പിന്നീട് അലഹബാദ് ഹൈകോടതിയിലെത്തിയ മസ്ജിദ് കമ്മിറ്റി, ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷിച്ചപ്പോൾ, കാത്തിരിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും പള്ളിയുടെ നിലവറക്കുള്ളിൽ അർധരാത്രി സ്ഥാപിച്ച വിഗ്രഹത്തിനു മുന്നിൽ പൂജാകർമങ്ങൾ തുടങ്ങിയിരുന്നു. ഇതിനിടയിലും നമസ്കാരം തുടരുന്ന ഗ്യാൻവാപി മസ്ജിദിൽ വ്യാഴാഴ്ച പുലർച്ച സുബ്ഹി നമസ്കാരത്തിനും 400ഓളം പേർ ഉണ്ടായിരുന്നുവെന്ന് യാസീൻ പറഞ്ഞു. വ്യാഴാഴ്ച സുബ്ഹിക്കു പുറമെ മറ്റു നമസ്കാരങ്ങളും നടന്നു. ജലധാര ശിവലിംഗമാണെന്ന് ഹിന്ദുപക്ഷം വാദിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അടച്ചുപൂട്ടി മുദ്രവെച്ച വുദൂഖാന ഇപ്പോഴും മുസ്ലിംകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കേന്ദ്രസേനയുടെ കാവലിലാണെന്ന് യാസീൻ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ പരിഗണനയിലിരിക്കുന്ന കേസിൽ വാരാണസി കോടതി പുറപ്പെടുവിച്ച നിയമവിരുദ്ധ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മസ്ജിദ് കമ്മിറ്റി വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് സുപ്രീം കോടതിയിലെത്തിയെങ്കിലും അലഹബാദ് ഹൈകോടതിയിലേക്ക് പോകാനായിരുന്നു നിർദേശമെന്നും അദ്ദേഹം പറഞ്ഞു.