ഹിജാബ് വിലക്കിനെതിരായ ഹരജി; കർണാടക ഹൈക്കോടതി നാളെയും വാദം കേൾക്കും
വെള്ളിയാഴ്ച ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവില്ല
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി നാളെയും വാദം കേൾക്കും. വെള്ളിയാഴ്ച ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവുണ്ടായില്ല.
ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശം. ഹിജാബ് നിരോധനം കർശനമാക്കിയതോടെ ഓൺലൈൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളെ തുടർന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണ്. സംഘർഷങ്ങൾ തണുപ്പിക്കാൻ തെക്കൻ ജില്ലയിൽ ഫെബ്രുവരി 19 വരെ കാമ്പസുകൾക്ക് സമീപം പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയത്തിൽ ബി.ജെ.പി സർക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യാനൊങ്ങുകയാണ്. ഹിജാബ് വിഷയത്തിൽ കർണാടകയിൽ നിർണായമായ ദിവസങ്ങളാണ് കടന്നുവരുന്നത്. യൂണിഫോമില്ലാത്ത സ്‌കൂളുകളിലും കോളജുകളിലും ഉഡുപ്പിയിലെ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന തീരുമാനം പ്രശ്‌നത്തിലുള്ള സംഘർഷം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾക്ക് യൂണിഫോം നിർബന്ധമില്ല. എന്നാൽ ചില സർക്കാർ കോളജുകൾ യൂണിഫോം നിർബന്ധമാക്കുകയും ഡ്രസ്‌കോഡ് പാലിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ സമാധാന സമിതി യോഗങ്ങൾ നടത്താൻ ജില്ലാ ഉദ്യോഗസ്ഥർ, പൊലീസ്, സ്‌കൂൾ അഡ്മിനിസ്ട്രേഷനുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു.