‘മെച്ചപ്പെട്ട വേതനം വേണം’; ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളി സമരം അഞ്ച് ദിവസം പിന്നിട്ടു
സിഐടിയുവിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്
ചെന്നൈ: തമിഴ്നാട്ടിലെ സാംസങ് ഇലക്ട്രോണിക്സ് പ്ലാന്റിലെ തൊഴിലാളി സമരം അഞ്ച് ദിവസം പിന്നിട്ടു. ചെന്നൈക്ക് സമീപം ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലാണ് സമരം. മെച്ചപ്പെട്ട വേതനം, മികച്ച ജോലി സമയം, തൊഴിലാളി യൂനിയനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. സിഐടിയുവിന്റെ പിന്തുണയോടെയാണ് സമരം. പ്ലാൻറിലെ 85 ശതമാനം വരുന്ന 1700 പേരാണ് പണിമുടക്കുന്നത്.
സിഐടിയുവിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയനും കമ്പനി അധികൃതരും ചൊവ്വാഴ്ച പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പണിമുടക്കുന്ന സമരക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്നും യൂനിയൻ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ പരാതികൾ പരിഹരിക്കാനും എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും തൊഴിലാളികളുമായി സജീവമായി ചർച്ച നടത്തുന്നുണ്ടെന്ന് സാംസങ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നു. എന്നാൽ, ചർച്ച പരാജയപ്പെട്ടതോടെ ജീവനക്കാർ സമരം തുടരുകയായിരുന്നു.
വെള്ളിയാഴ്ച നൂറുകണക്കിന് പേരാണ് സിഐടിയു എന്നെഴുതിയ തൊപ്പിയുമേന്തി സമരപ്പന്തലിൽ അണിനിരന്നത്. ജീവനക്കാർക്ക് മതിയായ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ നൽകാത്ത കമ്പനികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സിഐടിയു തമിഴ്നാട് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. കണ്ണൻ മുന്നറിയിപ്പ് നൽകി. പലയിടത്തും അവകാശങ്ങൾക്ക് വേണ്ടി കൂട്ടായി രംഗത്തുവരാൻ കഴിയാത്ത സ്ഥിതിയാണ്. ആപ്പിൾ കമ്പനിയുടെ വിതരണക്കാരായ ഫ്ലെക്സ്, ഇലക്ട്രോണിക്സ് സ്ഥാപനമായ സാൻമിന എന്നീ കമ്പനികളിലും യൂനിയൻ അംഗീകാരവും മെച്ചപ്പെട്ട വേതനവും ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സിഐടിയുവിന് പദ്ധതിയുണ്ടെന്ന് എസ്. കണ്ണൻ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ സാംസങ് കമ്പനി അധികൃതർക്ക് ശമ്പള വർധനവ് ആവശ്യപ്പെട്ട് സിഐടിയു കത്തയച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യത്തിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്നാൽ, കമ്പനി ഇത് അവഗണിച്ചതോടെ തിങ്കളാഴ്ച മുതൽ ജീവനക്കാർ സമരത്തിനിറങ്ങുകയായിരുന്നു.
ജീവിതച്ചെലവുകൾക്ക് മുന്നിൽ പകച്ച് ജീവനക്കാർ
ശരാശരി 25,000 രൂപയാണ് സാംസങ്ങിലെ ജീവനക്കാരുടെ ശരാശരി വേതനമെന്ന് സിഐടിയു പറയുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് 36,000 രൂപയായി വർധിപ്പിക്കണമെന്നാണ് യൂനിയന്റെ ആവശ്യം. ഒരു പതിറ്റാണ്ട് മുമ്പ് സ്ഥാപനത്തിൽ പ്രവേശിച്ചവർക്ക് പോലും ഇപ്പോഴും 23,000 രൂപയാണ് ലഭിക്കുന്നത്. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ കാരണം ജീവിതം ദുസ്സഹമായി മാറിയിട്ടുണ്ടെന്നും സമരക്കാർ വ്യക്തമാക്കി.
സമരം അഞ്ച് ദിവസം പിന്നിട്ടതോടെ പ്ലാന്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ട്. ടെലിവിഷൻ, റഫ്രജിറേറ്റർ, വാഷിങ് മെഷീൻ എന്നിവയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ദീപാവലി സീസൺ പ്രമാണിച്ച് മികച്ച ബിസിനസ് നടക്കുന്ന സമയം കൂടിയാണിത്. സമരം ഉൽപ്പാദനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ പ്ലാന്റ് പ്രവർത്തിക്കുന്നത്.
ബിസിനസിലെ മാന്ദ്യം കാരണം സാംസങ് ഇന്ത്യയിലെ വിവിധ ഡിവിഷനുകളിലായി മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സമരവും കമ്പനിയെ പ്രതിസന്ധിയിലാക്കുന്നത്. സാംസങ്ങിന്റെ ഇന്ത്യയിലെ വാർഷിക വരുമാനം 12 ബില്യൺ ഡോളറാണ്. ഇതിന്റെ മൂന്നിലൊന്നും തമിഴ്നാട്ടിലെ പ്ലാന്റിൽനിന്നാണ്.