മണിപ്പൂരിലെ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും
ഒൻപത് വിദ്യാർഥികൾക്ക് നോർക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു
ഇംഫാൽ: മണിപ്പൂർ കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തും. ഒൻപത് വിദ്യാർഥികൾക്ക് നോർക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂർ വഴിയായിരുക്കും ഇവർ കേരളത്തിലെത്തുക. തിങ്കളാഴ്ച ഉച്ചക്ക് 2:30നാണ് വിമാനം.
സംഘർഷം രൂക്ഷമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം മാറിയാണ് വിദ്യാർഥികളുടെ താമസം. സർവകലാശാലയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാൽ ഇവർക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാർഗങ്ങൾ തേടാനോ സാധിക്കില്ല. സർവകലാശാലയ്ക്കുള്ളിലും ചെറിയ തോതിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാർഥികൾ അറിയിക്കുന്നത്.
സർവകലാശാലയും ഹോസ്റ്റലും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസിൽ ശേഷിക്കുന്നവർക്കായി സർവകലാശാല അധികൃതർ ഗസ്റ്റ്ഹൗസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവിൽ വിദ്യാർഥികളുള്ളത്.
അതേസമയം, മണിപ്പൂരിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10,000 പിന്നിട്ടു. സർക്കാർ ഓഫീസുകളിലേക്കും സൈന്യും ഒരുക്കിയിരിക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്കുമാണ് ആളുകളെത്തുന്നത്. മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു.
വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ആസാം റൈഫിൾസ് പോസ്റ്റിലെ ആക്രമണം എന്ന രീതിയിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
നിലവിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് പുറമെ ആവശ്യമെങ്കിൽ കൂടുതൽ പേരെ ഇറക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം. സംഘർഷബാധ്യത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി അതാത് സമയം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിനെ കേന്ദ്രത്തിന്റെ നിർദേശം.
ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി.