ഹിന്ദുത്വ നേതാവിന്റെ പരാതി; ഡൽഹിയിൽ വീണ്ടും പള്ളി പൊളിച്ചു
കനത്ത പൊലീസ് സന്നാഹത്തോടെയാണ് പള്ളി പൊളിച്ചത്
ന്യൂഡൽഹി: ഹിന്ദുത്വ നേതാവിന്റെ പരാതിയെ തുടർന്ന് ഡൽഹിയിൽ പള്ളി പൊളിച്ചു. മംഗോൾപുരി മേഖലയിലാണ് സംഭവം. നിയമവിരുദ്ധ നിർമിതിയാണെന്ന് കാണിച്ചാണ് പള്ളി പൊളിച്ചത്.
ചൊവ്വാഴ്ച പുലർച്ച കനത്ത പൊലീസ് സന്നാഹത്തോടെയാണ് പള്ളി പൊളിച്ചത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.
ഹിന്ദുത്വ നേതാവ് പ്രീത് സിരോഹിയാണ് പരാതി നൽകിയത്. നേരത്തേ ഇയാളുടെ പരാതിയിൽ ഭാവന മേഖലയിലെയും പള്ളി പൊളിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ അകമ്പടിയിലാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ മംഗോൾപുരി വൈ ബ്ലോക്കിൽ രാവിലെ പള്ളി പൊളിക്കാനെത്തിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാവിലെ ആറോടെ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.
ചിലർ പൊളിക്കലിനെ എതിർത്തുവെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ചിറം പറഞ്ഞു. പള്ളിയുടെ ചില ചുമരുകൾ പൊളിച്ചശേഷം പ്രവൃത്തി താൽക്കാലികമായി നിർത്തിയെന്നും കരുത്തേറിയ ഭാഗങ്ങൾ പൊളിക്കാൻ കൂടുതൽ ശക്തമായ യന്ത്രങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.