ഇപ്പോഴും ബ്രിട്ടന്റെ കീഴിലുള്ള ഇന്ത്യയിലെ ഏക റെയിൽ ലൈൻ: അറിയാം ശകുന്തള റെയിൽവേസിനെ പറ്റി...

മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്നും ബോംബെയിലേക്ക് പരുത്തി എത്തിക്കാനാണ് നാരോ ഗെയ്ജിലുള്ള ഈ റെയിൽപ്പാത നിർമിച്ചത്

Update: 2023-03-11 14:15 GMT
Advertising

രാജ്യം സ്വതന്ത്രമായിട്ട് 76വർഷങ്ങളായിട്ടും ഇപ്പോഴും ബ്രിട്ടീഷ് അധീനതയിലുള്ള ഒരു റെയിൽവേ ലൈൻ. ഇന്ത്യയിലങ്ങനെ ഒരു റെയിൽപ്പാതയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ അങ്ങനെയൊന്നുണ്ട്- ശകുന്തള റെയിൽവേസ്. മഹാരാഷ്ട്രയിലെ യവത്മാലിനും മുർതിജാപൂരിനുമിടയ്ക്കാണ് 'ഇന്ത്യയുടേതല്ലാത്ത' ഈ ഇന്ത്യൻ റെയിൽപ്പാത. ഇവിടെ സർവീസ് നടത്തുന്നതിന് ഇന്ത്യ ബ്രിട്ടന് നൽകുന്നത് ഒരു കോടി രൂപയാണ്.

ബ്രിട്ടീഷ് രാജിന്റെ സമയത്ത് 1910ലാണ് ശകുന്തള റെയിൽവേസ് സ്ഥാപിക്കപ്പെടുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ റെയിൽവേയുടെ പ്രധാന റെയിൽപ്പാതകളിലൊന്നായിരുന്നു ശകുന്തള. യവത്മാലിൽ നിന്നും ബോംബെയിലേക്ക് പരുത്തി എത്തിക്കാനാണ് നാരോ ഗെയ്ജിലുള്ള ഈ റെയിൽപ്പാത നിർമിച്ചത്. ഈ പരുത്തി പിന്നീട് മാഞ്ചസ്റ്ററിലേക്ക് കയറ്റി അയച്ചിരുന്നു. 190 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഈ റെയിൽപ്പാതയുടെ ഉടമസ്ഥാവകാശം ഇപ്പോഴും റെയിൽപ്പാത സ്ഥാപിച്ച കില്ലിക്-നിക്‌സൺ എന്ന സ്വകാര്യ കമ്പനിക്കാണ്. 

1921ൽ മാഞ്ചസ്റ്ററിൽ നിർമിച്ച ശകുന്തള റെയിൽവേസിൽ 1923 മുതലാണ് സർവീസ് ആരംഭിക്കുന്നത്. 1951ൽ ഇന്ത്യൻ റെയിൽവേ ദേശവത്കരിച്ചപ്പോൾ എന്തൊക്കെയോ കാരണങ്ങളാൽ ശകുന്തള റെയിൽവേ അവഗണിക്കപ്പെട്ടു. 1994ൽ യഥാർഥ എൻജിൻ മാറ്റി ഡീസൽ മോട്ടർ സ്ഥാപിച്ചതല്ലാതെ യാതൊരു മാറ്റവും ഇതുവരെ റെയിൽവേസിന് വരുത്തിയിട്ടില്ല. നിലവിൽ യവത്മാൽ മുതൽ അമരാവതിയിലെ അചൽപൂർ വരെയുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഈ റെയിൽ സർവീസ്. 

7 ജീവനക്കാർ നിലവിൽ ശകുന്തള റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ റെയിൽപ്പാത ബ്രോഡ് ഗേജ് ആക്കാൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു 1500 കോടി രൂപ അനുവദിച്ചിരുന്നു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News