തിരഞ്ഞെടുപ്പിൽ ഇവിഎം ദുരുപയോഗം ചെയ്തു: മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

മർകഡ്‌വാദി ഗ്രാമത്തിൽ നടന്ന അറസ്റ്റുകളിലും കർഫ്യുവിലും എംവിഎ സഖ്യം പ്രതിഷേധം രേഖപ്പെടുത്തി

Update: 2024-12-07 09:52 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) അംഗങ്ങൾ ആണ് ചടങ്ങ് ബഹിഷ്കരിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്നാഥ് ഷിൻഡെ എന്നിവർ ഉൾപ്പടെയുള്ള ഭരണകക്ഷി അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട എന്ന തീരുമാനത്തെ തുടർന്നാണ് കോൺഗ്രസ്, ശിവസേന( ഉദ്ധവ് വിഭാഗം), എൻസിപി(ശരദ് പവാർ) എന്നീ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ചടങ്ങ് ബഹിഷ്കരിച്ചത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് ലഭിച്ച വൻ ജനപിന്തുണയിലും ഇവിഎം വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയിലും ചോദ്യങ്ങൾ ഉയർത്തിയായിരുന്നു എംവിഎ അംഗങ്ങളുടെ പ്രതിഷേധം.

"മഹാ വികാസ് അഘാഡി അംഗങ്ങൾ ഇന്ന് സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. വലിയ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ആഘോഷങ്ങൾ ഉണ്ടാകുന്നു. എന്നാൽ അവർക്ക് ലഭിച്ച ജനപിന്തുണ ജനങ്ങൾ നല്കിയതാണോ, അതോ ഇവിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനും നല്കിയതാണോ എന്ന ചോദ്യം ഉയരുന്നു," ശിവസേന നേതാവ് ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

സോലാപൂരിലെ മൽഷിറാസ് നിയോജക മണ്ഡലത്തിലെ മർകഡ്‌വാദി ഗ്രാമത്തിൽ നടന്ന അറസ്റ്റുകളിലും കർഫ്യുവിലും എംവിഎ സഖ്യം പ്രതിഷേധം രേഖപ്പെടുത്തി. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റുകൾ നടന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News