പഞ്ചാബും വിധിയെഴുതി; വിജയ പ്രതീക്ഷയിൽ കോൺഗ്രസും ആം ആദ്മിയും

ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 57 .4 ശതമാനമാണ് പോളിംഗ്

Update: 2022-02-20 15:52 GMT
Advertising

പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പ് പൂർത്തിയായി. എല്ലാ മേഖലകളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന വിജയ പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ.

ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 57 .4 ശതമാനമാണ് പോളിംഗ്. രണ്ട് കോടി 15 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. 16 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ ജനവിധി തേടിയത് മൂന്നാം ഘട്ടത്തിലാണ്.

രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് പഞ്ചാബിലെ പോളിങ് ബൂത്തുകളിൽ അനുഭവപ്പെട്ടത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും തമ്മിലുള്ള ത്രികോണ മത്സരമാണ് പല മണ്ഡലങ്ങളിലും ഇത്തവണ. നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. തുടർഭരണം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പഞ്ചാബിനെ സ്‌നേഹിക്കുന്നവരും മാഫിയകളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ബോളിവുഡ് നടൻ സോനു സൂദിനെ ബൂത്തുകൾ സന്ദർശിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്.

തുടക്കം മുതൽ തന്നെ പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ആം ആദ്മി പാർട്ടിക്ക് വോട്ടെടുപ്പ് ദിനത്തിലും ആത്മവിശ്വാസത്തിന് കുറവില്ല. എഎപി, ബിഎസ്പിയുമായി സഖ്യം ചേർന്ന് മത്സരിക്കുന്ന ശിരോമണി അകാലിദളും വിജയ പ്രതീക്ഷയിലാണ്. 80ൽ അധികം സീറ്റ് നേടുമെന്നാണ് അവകാശവാദമുയർത്തുന്നത്. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചും ബിജെപിയുമായി സഹകരിച്ചുമാണ് അമരീന്ദർ സിങ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 30ൽ അധികം സീറ്റ് കോൺഗ്രസിന് നേടാൻ കഴിയില്ലെന്നും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അമരീന്ദർ സിങ് പറഞ്ഞു. 2017 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ 77.36 ശതമാനമായിരുന്നു പഞ്ചാബിലെ പോളിംഗ്.

The polls in 117 constituencies in Punjab have been completed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News