കോൺഗ്രസിനെ വീഴ്ത്തി ഹരിയാനയിൽ താമര വിരിയിച്ചതിൽ നിർണായകമായത് വിമതർ

കോൺഗ്രസിനെക്കാൾ .85 ശതമാനം മാത്രം വോട്ട് കൂടുതലുള്ള ബിജെപിക്ക് അധികാരം പിടിക്കാൻ അവസരമൊരുക്കിയത് കോൺഗ്രസിലുണ്ടായ വീഴ്ചകൾ മാത്രമാണ്

Update: 2024-10-09 09:38 GMT
Advertising

ന്യൂഡൽഹി: ഹരിയാനയിൽ താമര വിരിയിച്ചതിൽ നിർണായകമായത് കോൺ​ഗ്രസ് വിമതരും ആഭ്യന്തരകലഹവും. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ഹരിയാനയിൽ കോൺഗ്രസിന് ആവർത്തിക്കാനാകാതെ പോയതിന് പിന്നിൽ മൈക്രോ മാനേജുമെന്റിലെ പിഴവും വിമതന്മാരെ നിയന്ത്രിക്കാൻ കഴിയാതെ പോയതു​മെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ഇൻഡ്യ മോഡലിൽ സംസ്ഥാനത്ത് ആംആദ്മിയടക്കമുള്ളവരുമായി സഖ്യം വേ​ണ്ടെന്ന നിലപാടും തിരിഞ്ഞുകൊത്തി. 

ജാട്ട്, ന്യൂനപക്ഷ വോട്ട് ചോർച്ചയ്ക്കൊപ്പം ഭൂപീന്ദർ സിങ് ഹൂഡയെന്ന  നേതാവിനെ മുന്നിൽ നിർത്തി നടത്തിയ തന്ത്രങ്ങളും പാളി. കോൺഗ്രസിനെക്കാൾ .85 ശതമാനം മാത്രം വോട്ട് കൂടുതലുള്ള ബിജെപിക്ക് 11 സീറ്റുകൾ അധികം നേടാൻ അവസരമൊരുക്കിയത് കോൺഗ്രസിനുണ്ടായ വീഴ്ചകൾ മാത്രമാണ്. നിസാര ഭൂരിപക്ഷത്തിനാണ് പല സീറ്റുകളും കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തത്.

രണ്ട് തവണയായി പത്ത് വർഷത്തെ ബിജെപി ഭരണം സംസ്ഥാനത്ത് സൃഷ്ടിച്ച ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന കണക്കൂകൂട്ടലുകളിലായിരുന്നു കോൺഗ്രസ്.  ഇക്കുറി താമരവിട്ട് ജനങ്ങൾ ‘കൈ’പിടിക്കുമെന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അമിത ആത്മവിശ്വാസമാണ് ഹരിയാനയിൽ ​തകർന്നത്. കർഷകരുടെയും ജാട്ട് സമുദായത്തിന്റെയും പിന്തുണ വോട്ടാകുമെന്ന കണക്ക്കൂട്ടൽ തെറ്റിയെന്നാണ് വിലയിരുത്തുന്നത്. അതിനൊപ്പം അധികാരം പങ്കിടാൻ ഇൻഡ്യ മുന്നണി സഖ്യങ്ങളൊന്നും വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്, പാർട്ടി ഭൂപീന്ദർ സിങ് ഹൂഡയുടെയും മകന്റെയും നിയന്ത്രണത്തിലായതിൽ ഇതരനേതാക്കൾക്കുണ്ടായ പ്രതിഷേധം, ദലിത് നേതാവായ കുമാരി സെൽജയും ഭൂപീന്ദർ സിങ് ഹൂഡയും തമ്മിലുണ്ടായ പോര്, ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചയും വിവാദവും ഇതെല്ലാം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തുപകർന്ന ഇൻഡ്യ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ വേണ്ടെന്ന സംസ്ഥാന നേതാക്കളുടെ നിലപാടാണ് ഹിന്ദി ഹൃദയഭൂമിയിൽ മൂന്നാം തവണയും ബിജെപിയെ അധികാരത്തിലെത്തിച്ച പ്രധാനഘടകങ്ങളിലൊന്ന്. മധ്യപ്രദേശും രാജസ്ഥാനും നൽകിയ തിരിച്ചടി സൂചിപ്പിച്ച് ദേശീയനേതൃത്വം മുന്നറിയിപ്പ് നൽകിയെങ്കിലും അമിത ആത്മ വിശ്വാസത്തിലായിരുന്നു ഹരിയാനയിലെ നേതൃത്വം. ഒടുവിൽ കമൽനാഥിന്റെയും അശോക് ഗഹ്ലോട്ടിന്റെയും വിധിതന്നെയായി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും. 90 സീറ്റുകളിൽ 37 സീറ്റുകളിലാണ് കോൺഗ്രസിന് ജയിക്കാനായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിരുന്ന ആംആദ്മിക്കാകട്ടെ ഇക്കുറി അക്കൗണ്ട് തുറക്കാനുമായില്ല. പല മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവിയിൽ ആംആദ്മി നിർണായകവുമായി.

അതേസമയം, ഹരിയാനക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരി​ൽ നാഷണൽ കോൺഫറൻസുമായി ചേർന്ന് കോൺഗ്രസ് ഇൻഡ്യ മുന്നണി സഖ്യമായി മത്സരിച്ചത് നേട്ടമാവുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനോട് നോ പറഞ്ഞ ഒമർ അബ്ദ​ു​ല്ല തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമെന്ന കൊടിപിടിച്ചത്. അത് സംസ്ഥാനത്ത് ഇരുപാർട്ടികൾക്കും ഗുണകരമാവുകയു​ം ചെയ്തു. 90 മണ്ഡലങ്ങളിൽ 49 സീറ്റാണ് ഇൻഡ്യ സഖ്യം നേടിയത്. നാഷനൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും നേടിയപ്പോൾ സഖ്യത്തിന്റെ ഭാഗമായ സിപിഎം ഒരു സീറ്റും നേടി. 

താമരവിരിയിച്ച് കോൺഗ്രസ് വിമതർ

ബിജെപിക്ക് മണ്ണൊരുക്കിയതിൽ വിമതശല്യത്തിനൊപ്പം കോൺഗ്രസിനുള്ളിലെ അധികാരവടംവലിയും കുതികാൽവെട്ടും ഹരിയാനയിൽ ബിജെപിക്ക് അവസരമൊരുക്കുകയായിരുന്നു. ആം ആദ്മിയും കോൺഗ്രസും ഒറ്റക്ക് മത്സരിച്ചതിനൊപ്പം കോൺഗ്രസ് വിമതർ കൂടി രംഗത്തെ​ത്തി​യത് ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു. ഇതാണ് വീണ്ടും സംസ്ഥാനത്ത് താമരവിരിയിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. വിമതർ മൂലം കോൺഗ്രസി​ന് പത്തിലേറെ സീറ്റെങ്കിലും നഷ്ടമായെന്നാണ് കണക്കുകൾ പറയുന്നത്. അമ്പാല, കൽക്ക,ഗൊഹാന, ഉച്ചന കലാൻ തുടങ്ങിയ ഇടങ്ങളിലൊക്കെ വിമതരായി മത്സരത്തിനിറങ്ങിയവർ ബിജെപി​യുടെ വിജയത്തിൽ നിർണായകമായി.

വിരേന്ദർ ഗൊഗാഡിയ വിമതനായി മത്സരിച്ച ഉച്ചന കലാനിൽ 32 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. മുൻ എംപിയായിരുന്ന ബ്രി​ജേന്ദർ സിങായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ബ്രി​ജേന്ദർ സിങ് 48936 വോട്ടുകൾ നേടിയപ്പോൾ വിരേന്ദർ ഗൊഗാഡിയ 31456 വോട്ടുകളാണ് പിടിച്ചത്.

അമ്പാല മണ്ഡലത്തിൽ ബി​ജെപി സ്ഥാനാർഥി ജയിച്ചത് 7277 (59858) വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇവിടെ കോൺഗ്രസ് വിമതയായി മത്സരിച്ച ചിത്ര സർവാർ 52581 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥി പർവീന്ദർ സിംഗ് പരി 14,469 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാന​ത്തായി.

കൽക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജയിച്ചത് 10,883 വോട്ടുകൾക്കാണ്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതസ്ഥാനാർഥിയായി മത്സരിച്ച ഗോപാൽ സുഖമോജ്രി 31684 വോട്ടുകളാണ് പിടിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ ​പ്രദ​ീപ് ചൗധരിയെ തോൽപ്പിച്ച് ബിജെപിക്ക് മണ്ഡലത്തിൽ വിജയ സാധ്യതയൊരുക്കിയതിൽ ഇവിടെയും വിമതന്റെ പങ്കുവലുതാണ്.

കോൺഗ്രസിലെ യുവനേതാവും സീറ്റ് മോഹിയുമായിരുന്ന ഹർഷ് ചിക്കാരയാണ് ഗൊഹാനയിൽ നിർണായകമായത്. മണ്ഡലത്തിൽ ജഗ്ബീർ മാലിക്കിനെയാണ് ഭൂപീന്ദർ സിംഗ് ഹൂഡ മത്സരത്തിനിറക്കിയത്. 10429 വോട്ടിനാണ് അരവിന്ദ് കുമാർ ശർമ ജയിച്ചത്. വിമതനായി മത്സരിച്ച ഹർഷ് ചിക്കാര നേടിയതാകട്ടെ 14761 വോട്ടുകളാണ് മറിച്ചത്. പാനിപത്ത് റൂറലിൽ കോൺഗ്രസ് വിമതൻ 43,244 വോട്ട് നേടിയത് ബിജെപിയുടെ വിജയത്തിനും കോൺഗ്രസിന്റെ പരാജയത്തിനും കാരണമായി. പുൻഡ്രിയിലും കോൺഗ്രസിലെ വിമത ശല്യം ബിജെപിക്ക് വിജയ വഴി ഒരുക്കി. അസാന്ദ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി ഭൂരിപക്ഷത്തേക്കാൾ  ആം ആദ്മി സ്ഥാനാർഥി വോട്ട് പിടിച്ചു.

അതെസമയം 14 മണ്ഡലങ്ങളിൽ അട്ടിമറി നടന്നു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഹരിയാനയുടെ പല ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News