പാർലമെന്റിൽ വെക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി
1947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷുകാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമർപ്പിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
ന്യൂഡല്‍ഹി: പാർലമെന്റിൽ വെക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് ചെങ്കോൽ കൈമാറിയത്.
1947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷുകാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമർപ്പിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നെഹ്റുവിന്റെ ജന്മവീടായ അലഹബാദ് ആനന്ദ ഭവനിൽനിന്ന് എത്തിച്ച ചെങ്കോൽ ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമായിരിക്കും സ്ഥാപിക്കുക.
ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാംപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കക്കാരനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ) എന്ന പുസ്തകത്തിൽ ഈ ചെങ്കോലിനെ കുറിച്ച് വിവരിക്കുന്നുണ്ട്. പുസ്തകത്തിലെ 'ലോകം ഉറങ്ങിയപ്പോൾ' എന്ന അധ്യായത്തിലാണ് അധികാര കൈമാറ്റ ചടങ്ങിനെകുറിച്ചുള്ള വിവരണവും ചെങ്കോലിനെ സംബന്ധിച്ച പരാമർശവുമുള്ളത്