മൂന്നാമതൊരു കുഞ്ഞിനെ വളർത്താൻ ശേഷിയില്ല; 26 ആഴ്‌ചയായ ഗർഭം അലസിപ്പിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ഡൽഹി: 26 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ തവണ ഈ ഹരജി പരിഗണിച്ചപ്പോൾ എയിംസ് മെഡിക്കൽ ബോർഡിനോട് യുവതിയെ പരിശോധിച്ച ശേഷം ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി മുന്നംഗ ബെഞ്ച് ഹരജി തള്ളിയത്. യുവതിക്കും കുട്ടിക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
രണ്ടു കുട്ടികളുടെ അമ്മയായതിനാൽ മുന്നാമതൊരു കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായും ശാരീരികമായും മാനസികമായും ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിതയെ സമീപിച്ചത്. നേരത്തെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് അനുമതി നൽകിയിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിയമപ്രാകാരം 24 ആഴ്ചയാണ് ഗർഭഛിദ്രത്തിനുള്ള അവസാന സമയ പരിധി.