മെഡിക്കല്‍ പ്രവേശനം; സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വിധി പറയുക
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വിധി പറയുക. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 8 ലക്ഷം രൂപയെന്ന വാർഷിക വരുമാനം ഈ അധ്യയന വർഷത്തിലും തുടരും.
സംവരണത്തിന് എട്ട് ലക്ഷം രൂപ വരുമാന പരിധിവെച്ചതിൽ സുപ്രിം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്രം വിദഗ്ധ സമിതിയെ രൂപീകരിക്കുകയും സംവരണത്തിൽ മാറ്റം വരുത്തേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു. നീറ്റ് പിജി കൗൺസിലിങ് തുടങ്ങുന്നതിൽ ഇന്നത്തെ കോടതി ഉത്തരവ് നിർണായകമാകും. രാജ്യ താൽപര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗൺസിലിങ് ഉടൻ തുടങ്ങണമെന്ന് ഹരജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.