ലഖിംപൂർ ഖേരി കൊലക്കേസ് പ്രതിക്കെതിരെയുള്ള കർഷക ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കേസിന്റെ അന്വേഷണ പുരോഗതിയും ഇന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും
ലഖിംപൂർ ഖേരി കർഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി കർഷകരുടെ കുടുബം സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ കുടുംബമാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യസാക്ഷി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണ പുരോഗതിയും ഇന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഉത്തർ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകരെ ജീപ്പ് കയറ്റിക്കൊന്ന കേസിൽ 5,000 പേജ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെയാണ് കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. "നാല് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകന്റെയും മരണം സംബന്ധിച്ച കേസിൽ പതിനാല് പേർക്കെതിരെ അയ്യായിരം പേജുള്ള കുറ്റപത്രം ലഖിംപൂര്‍ ഖേരിയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. വിരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിട്ടുണ്ട്.
The Supreme Court will today hear a petition filed by a farmer's family against the bail of Ashish Mishra, accused in the Lakhimpur Kheri farmer murder case.