'ചുറ്റിക കൊണ്ടുള്ള പ്രഹരം': മീഡിയവണ്‍ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയെക്കുറിച്ച് ദി ടെലഗ്രാഫ് മുഖപ്രസംഗം

ദി ടെലഗ്രാഫ് ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

Update: 2022-02-14 07:38 GMT
Advertising

ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുന്നത് ദേശീയ താത്പര്യങ്ങൾക്ക് എതിരല്ലെന്ന് ദി ടെലഗ്രാഫ് മുഖപ്രസംഗം. സര്‍ക്കാര്‍ അതിരുവിടുമ്പോള്‍ കോടതികള്‍ ഇടപെടണം. മീഡിയവണ്‍ വിലക്ക് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ശരിവെച്ചതിനെക്കുറിച്ചാണ് ടെലഗ്രാഫ് മുഖപ്രസംഗം.

മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

ദേശസുരക്ഷയെന്ന കാരണം പറഞ്ഞ് ലൈസൻസ് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് മീഡിയവൺ ചാനല്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളിയിരുന്നു. ഓരോ കേസിന്റെയും മെറിറ്റ് പരിശോധിച്ച് വിധിയെഴുതുക എന്നത് ഹൈക്കോടതിയുടെ കടമയാണ്. എന്നിരുന്നാലും ഈ കേസിൽ കോടതി തീരുമാനമെടുത്ത രീതി, എക്സിക്യൂട്ടീവും (കാര്യനിര്‍വഹണം) ജുഡീഷ്യറിയും (നീതിന്യായം) തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും ആശങ്കാജനകമായ ചോദ്യങ്ങൾ ഉയർത്തുന്നു.

വിലക്കിന്‍റെ കാരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മീഡിയവണുമായി വിശദാംശങ്ങളോ തെളിവുകളോ പങ്കിട്ടിട്ടില്ല. മാധ്യമ സ്ഥാപനം സർക്കാരിനെതിരെ ഹരജി നൽകിയപ്പോൾ, അവരുടെ വാദം പരിഗണിക്കാൻ പോലും ഹൈക്കോടതി വിസമ്മതിച്ചു. സർക്കാരിന്‍റെ ഭാഗം തുറന്ന കോടതിയിൽ വിശദീകരിച്ചില്ല. പകരം സര്‍ക്കാര്‍ നല്‍കിയ മുദ്രവച്ച കവറാണ് മീഡിയവണിന്‍റെ ഹരജി തള്ളാൻ കോടതി ആശ്രയിച്ചത്. കവറിലെ ഉള്ളടക്കം മീഡിയവണിനെ അറിയിച്ചില്ല. ഹൈക്കോടതി വിധിക്കെതിരെ മീഡിയവണ്‍ അപ്പീൽ നൽകിയിട്ടുണ്ട്.

രാജ്യസുരക്ഷയുടെ പേരിൽ ഇതിനെല്ലാം ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തീര്‍ച്ചയായും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. അതുകൊണ്ടുതന്നെ ദേശീയ സുരക്ഷയെന്ന കാരണം പറയുന്ന കേസുകൾ കോടതികള്‍ അധിക പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എക്സിക്യൂട്ടീവ് (കാര്യനിര്‍വഹണം) എല്ലായ്പ്പോഴും ശരിയാണെന്നോ രാജ്യതാൽപ്പര്യങ്ങൾക്ക് എല്ലാ സമയത്തും മുൻ‌ഗണന നല്‍കുന്നുവെന്നോ ആധുനിക ജനാധിപത്യങ്ങൾ അനുമാനിക്കുന്നില്ല. അതുകൊണ്ടാണ് ലെജിസ്ലേച്ചറും (നിയമനിര്‍മാണം) ജുഡീഷ്യറിയും (നീതിന്യായം) കൂടി രാജ്യത്തിന്‍റെ നെടുംതൂണുകളായി നിലകൊള്ളുന്നത്. ഇവ പരസ്പരം പരിശോധിക്കപ്പെടേണ്ടവയാണ്.

സർക്കാരിന്‍റെ ഭാഗം സുവിശേഷം പോലെ (gospel) അംഗീകരിക്കാനുള്ളതല്ല കോടതികള്‍. മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ ലക്ഷ്യം വെച്ച് ദേശസുരക്ഷയെന്ന ആശങ്ക ഉന്നയിക്കുമ്പോള്‍, പുതിയ അക്രഡിറ്റേഷൻ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍, സത്യം വിളിച്ചുപറഞ്ഞതിന് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിരുവിടുമ്പോഴെല്ലാം ചെറുക്കുന്നതിൽ ജുഡീഷ്യറിയുടെ പങ്ക് നിർണായകമാണ്. കാരണം പറയാതെ, തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെ വ്യക്തികളെയോ സംഘടനകളെയോ ഭരണകൂടം ശിക്ഷിക്കുമ്പോള്‍ കോടതികൾ ഇടപെടണം. ജനാധിപത്യത്തിൽ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുന്നത് ദേശീയ താത്പര്യങ്ങൾക്ക് എതിരല്ല. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News