'ആ നിമിഷം തന്നെ എല്ലാ മാധ്യമങ്ങളും ഇറങ്ങിപ്പോകണമായിരുന്നു'; ദി ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ
ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഭരണ - പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ നടപടിയെ അപലപിച്ചു.
തിരുവനന്തപുരം: നിന്ദ്യമായ രീതിയിൽ ഗവർണർ പെരുമറിയ നിമിഷം തന്നെ എല്ലാ മാധ്യമപ്രവർത്തകരും അവിടെ നിന്ന് ഇറങ്ങിപ്പോയിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുകയാണെന്ന് ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ. രാജഗോപാൽ. ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയവണ്‍, കൈരളി ചാനലുകളെ അവിടെനിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിക്കുകയയിരുന്നു അദ്ദേഹം.
''നിന്ദ്യമായ രീതിയില്‍ ഗവര്‍ണര്‍ പെരുമാറിയ നിമിഷം തന്നെ എല്ലാ മാധ്യമപ്രവര്‍ത്തകരും അവിടെനിന്ന് ഇറങ്ങിപ്പോയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. തീര്‍ച്ചയായും മാധ്യമങ്ങളുടെ പ്രധാന ഉത്തരവാദിത്തം വിവരങ്ങള്‍ അറിയിക്കുക എന്നതാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, മാന്യത, അന്തസ്സ് എന്നിവ ചിവിട്ടി മെതിക്കുമ്പോള്‍ അതും ഇതെല്ലാം ചെയ്യുന്നത് നികുതിദായകരുടെ പണത്താല്‍ ജീവിക്കുന്ന തെരഞ്ഞെടുക്കപ്പെടാത്തൊരാള്‍ കൂടിയാകുമ്പോള്‍.., പ്രതിഷേധിക്കാനുള്ള അവകാശത്തിനും അവകാശ സംരക്ഷണത്തിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ ഭരണഘടനയുടെ മൗലികതത്വങ്ങളെ തന്നെ അപമാനിക്കുന്ന ഘട്ടത്തില്‍ അയാള്‍ക്ക് ഇടം നല്‍കാതിരിക്കുന്നതാണ് നല്ലത്'- ആർ. രാജഗോപാൽ വ്യക്തമാക്കി.
അതേസമയം ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഭരണ - പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ നടപടിയെ അപലപിച്ചു. മാധ്യമങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ നാളെ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് കെയുഡബ്ല്യുജെ അറിയിച്ചു. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഗവർണർ മീഡിയവണിനോടും കൈരളിയോടും വിവേചനം കാട്ടിയത് ഫാഷിസ്റ്റ് രീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.