തിരുപ്പതി ലഡു വിവാദം: ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല, ഭക്തർക്ക് ആശങ്ക വേണ്ട; വിശദീകരണവുമായി ദേവസ്വം
ഭക്തജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ലഡുവിന്റെ പരിശുദ്ധി ഉറപ്പുവരുത്താൻ ദേവസ്വം പ്രതിജ്ഞാബദ്ധമാണെന്ന് വിശദീകരണം
ഹൈദരാബാദ് : ലോകപ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ദേവസ്വം അധികൃതർ രംഗത്ത്. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും സാധാരണ രീതിയിൽ നിർമിച്ചിരിക്കുന്ന അതേ ഗുണനിലവാരത്തിൽ തന്നെയാണ് ഇപ്പോഴും ലഡു നിർമിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. ക്ഷേത്രത്തിലെ വഴിപാടുമായി ബന്ധപ്പെട്ട് ഭക്തരിൽ ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ നടപടി.
വെള്ളിയാഴ്ച പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് ദേവസ്വം അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. തിരുപ്പതി ലഡുവിന്റെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. എല്ലാ ഭക്തജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ പ്രസാദമായ ലഡുവിന്റെ വിശുദ്ധി സംരക്ഷിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രം ബോർഡ് പോസ്റ്റിൽ പറഞ്ഞു.
മുൻ ആന്ധ്രാപ്രദേശ് സർക്കാറിൻറെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ?ഗിച്ചാണെന്ന ആരോപണം ഭരണഭക്ഷം ഉയർത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി തെളിയിക്കുന്ന ലാബ് റിപ്പോർട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി) കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്.
ഇതിനു പിന്നാലെ സംഭവത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ടിഡിപി പുറത്തുവിട്ട ലാബ് റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.