'മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് ഞങ്ങള്‍ തയ്യാറായിരുന്നു, പ്രതിപക്ഷമാണ് ഭയന്ന് ഓടിയത്'; രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി
പ്രതിപക്ഷം 'ഇന്ത്യ'യെയല്ല, അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും സ്മൃതി ഇറാനി
ന്യൂഡൽഹി: പ്രതിപക്ഷം അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും 'ഇന്ത്യ'യെ അല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി എം.പിയെ എതിർത്ത് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.
മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്നും മുറിച്ചു മാറ്റിയിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തങ്ങൾ തയ്യാറായിരുന്നു. പ്രതിപക്ഷം ഭയന്ന് ഓടുകയാണെന്നും അവർ പറഞ്ഞു.
'നിങ്ങളെപ്പോലുള്ളവർ ഇന്ന് ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് പണ്ട് ബ്രിട്ടീഷുകാരോട് പറഞ്ഞതാണ്.. 'ക്വിറ്റ് ഇന്ത്യ, കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകുക'. ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു . കശ്മീരിനെക്കുറിച്ച് നിങ്ങള്‍ ഒന്നും പറയില്ല... കാരണം കശ്മീരിന്റെ വേദനയോ കശ്മീരി പണ്ഡിറ്റുകളുടെ വേദനയോ നിങ്ങളാരും അറിഞ്ഞിട്ടില്ല. കോൺഗ്രസാണ് രാജ്യത്തെ വിഭജിക്കുന്നത്...' സ്മൃതി പറഞ്ഞു. രാജസ്ഥാൻ സർക്കാരിനെതിരെയും സ്മൃതി ഇറാനി രംഗത്തെത്തി. രാജസ്ഥാനിലെ സ്ത്രീകൾ നീതിക്കു വേണ്ടി തേങ്ങുകയാണ്.കോൺഗ്രസിന് കീഴിലാണ് അതിക്രമങ്ങൾ കൂടുതൽ നടക്കുന്നതെന്നും സ്മൃതി പറഞ്ഞു.
മണിപ്പൂരിൽ ഇന്ത്യയെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു രാഹുൽ ഗാന്ധി സഭയില്‍ പറഞ്ഞത്. പ്രധാനമന്ത്രി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. തന്റെ സംസാരത്തിലുടനീളം ബഹളമുണ്ടാക്കിയ ബി.ജെ.പി എംപിമാരെ ഭാരത മാതാവിനെ കൊന്ന രാജ്യദ്രോഹികളെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഭരണപക്ഷം മോദി മുദ്രാവാക്യവും പ്രതിപക്ഷം ഇന്ത്യ മുദ്രാവാക്യവുമുയർത്തിയതോടെ ലോക്സസഭ ബഹളമയമായി.