മദ്യനിരോധനമുള്ള ബിഹാറിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ
'നാഗനൃത്തം' കളിക്കാൻ ഒരുങ്ങുന്നതിനിടെ 40 പേരെയും പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു
പട്‌ന: പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് പ്രത്യക്ഷപ്പെട്ട 40 പേർ ബിഹാറിൽ അറസ്റ്റിൽ. സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം കാറ്റിൽപ്പറത്തിയാണ് സംഘം കുടിച്ചു ലക്കുകെട്ടെത്തിയത്. മുസാഫർപൂരിലെ വിവാഹചടങ്ങിൽ ഞായറാഴ്ചയായിരുന്നു സംഭവം.
വിവാഹസംഘത്തിൽ വരന്റെ ഭാഗത്ത് നിന്നുള്ളവരായിരുന്നു 40പേരും. 'നാഗനൃത്തം' കളിക്കാൻ ഒരുങ്ങുന്നതിനിടെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. വിവാഹച്ചടങ്ങിനെത്തിയവരുടെ കയ്യിൽ വധുവിന്റെ കുടുംബക്കാർക്ക് സമ്മാനിക്കാനുള്ള മദ്യക്കുപ്പികളുമുണ്ടായിരുന്നു. സംഭവത്തിൽ സംഘത്തിന് മദ്യം നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
2016ൽ നിതീഷ് കുമാർ സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ സർക്കാർ പാടുപെടുന്നതിനിടെയാണ് ഇത്തരത്തിലുള്ള 'ആചാരങ്ങൾ'. സമ്പൂർണ മദ്യനിരോധനമുണ്ടെങ്കിലും സംസ്ഥാനത്തുണ്ടാകുന്ന വ്യാജമദ്യദുരന്തമൊക്കെ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ പൂർണപരാജയമാണെന്ന ആരോപണങ്ങൾ ശക്തമാക്കിയിരുന്നു. മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ വിമർശനം.