ഹനുമാന്‍ ചാലിസ ചൊല്ലി 10 രൂപ കാണിക്കയിട്ട ശേഷം ക്ഷേത്രത്തില്‍ നിന്നും 5000 രൂപ മോഷ്ടിച്ച് കള്ളന്‍

ധരുഹേര ടൗണിലെ ക്ഷേത്രത്തിലാണ് സംഭവം

Update: 2023-07-12 09:47 GMT
Editor : Jaisy Thomas | By : Web Desk

മോഷണത്തിന്‍റെ സിസി ടിവി ദൃശ്യം

Advertising

രേവാരി: ഇത്രയും ദൈവഭയമുള്ള ഒരു കള്ളനെ ഒരുപക്ഷേ ആരും കണ്ടിട്ടുണ്ടാകില്ല. പ്രാര്‍ഥിച്ച ശേഷം കാണിക്കയുമിട്ട് ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും പൈസ അടിച്ചുമാറ്റിയ കള്ളന്‍ അങ്ങ് ഹരിയാനയിലാണ്. രേവാരി ജില്ലയിലാണ് സംഭവം. ഹനുമാന്‍ ചാലിസ ചൊല്ലിയ ശേഷം 10 രൂപ കാണിക്കയിട്ട ശേഷമായിരുന്നു ഈ കള്ളന്‍ മോഷണം നടത്തിയത്. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 5000 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്.

ധരുഹേര ടൗണിലെ ക്ഷേത്രത്തിലാണ് സംഭവം. മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് ഹനുമാൻ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലേക്ക് പോകുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഭക്തരെ കണ്ടപ്പോള്‍ കള്ളന്‍ 10 മിനിറ്റോളം ഹനുമാന്‍ ചാലിസ ചൊല്ലി. ഒരു പുരോഹിതന്‍റെ സാന്നിധ്യത്തിൽ ഇയാള്‍ 10 രൂപയും കാണിക്കയായി സമര്‍പ്പിച്ചു. പിന്നീട് ശ്രീകോവിലിന്‍റെ പരിസരത്ത് ആരുമില്ലാത്ത സമയം നോക്കി ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് 5000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു.

മോഷണത്തെക്കുറിച്ച് അറിയാത്ത പൂജാരി അന്ന് രാത്രി ശ്രീകോവില്‍ അടച്ച് വീട്ടിലേക്ക് പോയി. പിറ്റേദിവസം രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ന്ന നിലയില്‍ കണ്ടത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ തിരിച്ചറിഞ്ഞത്. പൊലീസ് കേസെടുത്ത് ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News