വിജയ് രൂപാണി; ഒരു വര്‍ഷത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രി- ബി.ജെ.പിയില്‍ സംഭവിക്കുന്നതെന്ത്?

വിജയ് രൂപാണിയെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രൂപാണിയുടെ രാജി. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ രാജിവെപ്പിച്ച് രാജ്യസഭാ എം.പിയായിരുന്ന വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്.

Update: 2021-09-11 11:49 GMT
Advertising

ഒരു വര്‍ഷത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയായി വിജയ് രൂപാണി. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോഴാണ് വിജയ് രൂപാണിയുടെ രാജി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ് റാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ എന്നിവരാണ് ഈ വര്‍ഷം രാജിവെച്ച മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍.

വിജയ് രൂപാണിയെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രൂപാണിയുടെ രാജി. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ രാജിവെപ്പിച്ച് രാജ്യസഭാ എം.പിയായിരുന്ന വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്. വീണ്ടും സമാനമായ സാഹചര്യമാണ് ഗുജറാത്തില്‍ ആവര്‍ത്തിക്കുന്നത്. നിലവില്‍ കേന്ദ്രമന്ത്രിയായ മന്‍സൂഖ് മാളവ്യയോ ഡെപ്യൂട്ടി മുഖ്യമന്ത്രിയായ നിതിന്‍ പട്ടേലോ പുതിയ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന.

2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബി.ജെ.പി ഭരണം നേടിയത്. ബി.ജെ.പിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറ് സീറ്റുമാണുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് ബി.ജെ.പി തിരിച്ചുപിടിക്കുകയായിരുന്നു. പക്ഷെ ബി.ജെ.പിയുടെ സ്വാധീന മേഖലകളില്‍ പോലും പാര്‍ട്ടിക്ക് വലിയ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. കൃത്യമായ മുന്നൊരുക്കമില്ലെങ്കില്‍ ഇത്തവണ ഭരണം നഷ്ടപ്പെട്ടേക്കാമെന്നതാണ് മുഖം മിനുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ജൂലൈയിലാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചത്. മകനെ മുഖ്യമന്ത്രിയാക്കണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടെങ്കിലും അത് തള്ളിയ കേന്ദ്ര നേതൃത്വം ബസവരാജ ബൊമ്മെയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ രാജിക്ക് തയ്യാറായത്. ലിംഗായത്ത് സമുദായ നേതാക്കളെ മുന്നില്‍ നിര്‍ത്തി യെദിയൂരപ്പ വിലപേശലിന് ശ്രമിച്ചിരുന്നെങ്കിലും അതിന് വഴങ്ങാന്‍ തയ്യാറാവാതിരുന്ന കേന്ദ്ര നേതൃത്വം അതേസമുദായത്തില്‍ നിന്നു തന്നെയുള്ള ബസവരാജ ബൊമ്മെയെ പകരക്കാരനാക്കി യെദിയൂരപ്പയെ മാറ്റുകയായിരുന്നു.




 ഗുജറാത്തിന് സമാനമായിരുന്നു ഉത്തരാഖണ്ഡിലും കാര്യങ്ങള്‍. ത്രിവേന്ദ്ര റാവത്ത്, തീര്ഥ് സിങ് റാവത്ത് എന്നിവരെ തുടര്‍ച്ചയായി മാറ്റിയാണ് പുഷ്‌കര്‍ ധാമിയെ മുഖ്യമന്ത്രിയാക്കിയത്. തീര്ഥ് സിങ് റാവത്ത് 114 ദിവസം മാത്രമാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്. ആറു മാസത്തിനിടെ ഉത്തരാഖണ്ഡില്‍ രണ്ടു തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. ഉത്തരാഖണ്ഡിലും അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.




 സര്‍ക്കാരിന്റെ പ്രതിച്ഛായ ഒരു കാരണമായി പറയുന്നുണ്ടെങ്കിലും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ താല്‍പര്യ സംരക്ഷണം കൂടിയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഒരു സ്ഥാനത്തും ആരും സുരക്ഷിതരല്ലെന്നും ഏത് നിമിഷവും ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടാവുമെന്നാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് ബി.ജെ.പി നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നല്‍കുന്ന മുന്നറിയിപ്പ്.




 യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാര്യത്തിലും പ്രധാനമന്ത്രിക്ക് അതൃപ്തിയുണ്ട്. അദ്ദേഹം ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന ആക്ഷേപം യു.പിയിലെ പ്രാദേശിക നേതൃത്വത്തിനുമുണ്ട്. ഇതിന് പരിഹാരം കാണാന്‍ പലവട്ടം ആദിത്യനാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലും യോഗി സര്‍ക്കാര്‍ പരാജയമാണെന്ന ആക്ഷേപം പാര്‍ട്ടിയിലുണ്ട്. വിജയ് രൂപാണിയും രാജിവെച്ച സാഹചര്യത്തില്‍ അഭിമാന പോരാട്ടം നടക്കുന്ന യു.പിയില്‍ യോഗിയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - അഹമ്മദലി ശര്‍ഷാദ്

contributor

Similar News