ഇത് പ്രധാനമന്ത്രിക്കുള്ള സന്ദേശം, എന്നാൽ മാത്രമേ 75 കോടി ഹിന്ദുക്കൾ സന്തോഷിക്കൂ -ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി
‘ദൈവത്തിന്റെ കൽപനകളെ ധിക്കരിക്കുന്നവർ ഒരിക്കലും വിജയിക്കില്ല’
രാജ്യത്തെ നാല് ശങ്കാരാചര്യൻമാരും അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെതിരെ രംഗത്ത് വന്നത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയവത്കരിക്കുകയാണെന്നും വേദഗ്രന്ഥങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും അവർ പറയുന്നു. എന്നാൽ, ശങ്കരാചാര്യൻമാരെ മുസ്‍ലിംമായും മോദി വിരുദ്ധനായും കോൺഗ്രസ് അനുഭാവികളായും ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ഉത്തരാഖണ്ഡിലെ ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. 'ദ വയറി'ന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് അദ്ദേഹം.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയിൽ സംഭവിക്കുന്നത്. എല്ലാ മതപരമായ ചടങ്ങുകളും വേദഗ്രന്ഥങ്ങൾക്ക് അനുസൃതമായിട്ടാണ് നടക്കേണ്ടതെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ കൽപനകൾ നിരസിക്കുന്നവരെ അവൻ ഇഷ്ടപ്പെടില്ല. അവർ ദൈവ ഭക്തരുമല്ല. ദൈവത്തിന്റെ കൽപനകളെ ധിക്കരിച്ച് സ്വന്തം ഇഷ്ടങ്ങളുമായി പോകുന്നവർക്ക് ഒരിക്കലും ജ്ഞാനോദയം ലഭിക്കില്ല, അവർ വിജയിക്കുകയുമില്ല.
ആരുടെയും ക്ഷണം ഞാൻ നിരസിച്ചിട്ടില്ല. അവർ ഞങ്ങളെ ക്ഷണിച്ചിട്ടില്ല എന്നതാണ് സത്യം. അതിനാൽ തന്നെ അവരുടെ ക്ഷണം ഞങ്ങൾ നിരസിച്ചു എന്ന് ആർക്കും ആക്ഷേപിക്കാനാവില്ല. എന്തുകൊണ്ട് ക്ഷണിച്ചില്ല എന്ന കാര്യം അവരോട് തന്നെ ചോദിക്കണം. ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് അപമാനമാണോ എന്ന് പറയാനില്ല. ട്രസ്റ്റിന് മാത്രമേ അതിന്റെ കാര്യങ്ങൾ എന്താണെന്ന് പറയാൻ കഴിയൂ. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കാൻ ഞങ്ങളാൽ സാധിക്കുന്നത് ചെയ്തിട്ടുണ്ട്. അതിൽ സന്തുഷ്ടരാണ്.
ക്ഷേത്രം ദൈവത്തിന്റെ ശരീരമാണെന്നും പ്രതിഷ്ഠ അതിന്റെ ആത്മാവുമാണെന്ന് വേദഗ്രന്ഥങ്ങളിലുണ്ട്. കലശമാണ് അതിന്റെ തല. രമക്ഷേത്രത്തിന്റെ ശിഖരം ഇതുവരെ നിർമിച്ചിട്ടില്ല. ശിഖരം നിർമിക്കാത്തതിനാൽ തന്നെ തലയും കണ്ണും വായയുമൊന്നും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെയൊരു അവസ്ഥയിൽ എങ്ങനെയാണ് അകത്ത് ആത്മാവിനെ പ്രതിഷ്ഠിക്കാൻ സാധിക്കുക. ഇത് ഭയാനകരമായ തെറ്റാണ്. അത് ആർക്കും പരിഹരിക്കാനാവില്ല.
ശ്രീകോവിൽ ഒരു അമ്മയുടെ ഗർഭാശയം പോലെയാണ്. പൂർണാരോഗ്യത്തോടെ ഒരു കുഞ്ഞ് ജനിക്കാൻ ഒമ്പത് മാസം വേണം. അയോധ്യയിൽ ശരീരം പൂർണമായിട്ടില്ല. അതിനാൽ തന്നെ പ്രാണപ്രതിഷ്ഠ സാധ്യമല്ല.
ഒരു ദിനം പവിത്രമാണെങ്കിൽ അത് ഏതെങ്കിലും ഹിന്ദു കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. വിവാഹം, ക്ഷേത്ര നിർമാണം എന്നിവക്കെല്ലാം അനുയോജ്യമായ ദിനങ്ങൾ അതിലുണ്ടാകും. ജനുവരി 22 പ്രാണപ്രതിഷ്ഠ നടത്താൻ അനുയോജ്യമായ ദിനമാണെന്ന് രേഖപ്പെടുത്തിയ ഏതെങ്കിലും കലണ്ടർ ഉണ്ടോ? ഒരു ജ്യോതിഷിക്ക് മാത്രമായി ആ ദിവസം എങ്ങനെ പവിത്രമാകും? ഏകദേശം 15ഓളം കലണ്ടുറകൾ ഞാൻ പരിശോധിച്ചു. പലരുമായും സംസാരിച്ചു. ഈ ദിവസം പ്രാണപ്രതിഷ്ഠക്ക് അനുയോജ്യമാണോ എന്ന കാര്യം അവർക്കൊന്നും അറിയില്ല.
ജ്യോതിഷിയോട് ജനുവരിയിൽ തന്നെ ഒരു പവിത്ര ദിവസം നിശ്ചയിച്ച് തരാൻ ആരോ നിർബന്ധിക്കുകയായിരുന്നു. അതിനാൽ തന്നെ ജ്യോതിഷിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാനാകില്ല. അദ്ദേഹം നല്ലതെന്ന് കരുതിയ ദിവസം നിശ്ചയിച്ച് നൽകി.
എനിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിൽ ഞാൻ അയോധ്യയിൽ പോകും. പക്ഷെ, ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കില്ല. ദൈവത്തിൽനിന്ന് ഒരു ക്ഷണം ലഭിച്ചാൽ അത് നിരസിക്കാൻ പാടില്ല. പക്ഷെ, ഞങ്ങളുടെ മുന്നിൽ കാണുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കില്ല. മറ്റു മൂന്ന് ശങ്കരാചാര്യൻമാരും ചടങ്ങിലേക്ക് പോകുന്നില്ല.
ആർക്കാണ് പ്രതിഷ്ഠ തൊടാനുള്ള അവകാശമെന്നത് സംബന്ധിച്ച് വേദഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പുരി ശങ്കരാചാര്യ പറഞ്ഞിട്ടുണ്ട്. മോദി ആ പ്രതിഷ്ഠയിൽ തൊടാൻ സാധ്യതയുണ്ടെന്നും അതിനെ അവിടെനിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ അഭിപ്രായം തന്നെയാണ് തനിക്കും. മോദി അങ്ങനെ ചെയ്യുന്നത് പലവിധ ബാഹ്യസമ്മർദങ്ങൾ കാരണം ഞങ്ങൾക്ക് തടയാൻ സാധിക്കില്ല. അതിനാൽ അവിടേക്ക് പോകാതിരിക്കുന്നതാണ് ഉചിതം.
മതത്തെ മാറ്റിനിർത്തി രാഷ്ട്രീയ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. അത് മതപരമായ ചടങ്ങായിരുന്നുവെങ്കിൽ ഞങ്ങളെ അവർ പരിഗണിക്കുമായിരുന്നു. നേരത്തെ ധർമാചാര്യൻമാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. എന്നാൽ, ക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആളുകളെ ഉൾപ്പെടുത്തി ട്രസ്റ്റ് രൂപവത്കരിക്കുകയായിരുന്നു. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. അതിനാൽ തന്നെ ദൈവത്തിന്റെ ആളുകളായ ധർമാചാര്യൻമാരുടെ നേതൃത്വത്തിലല്ല ഈ ക്ഷേത്രം നിർമിച്ചതെന്ന് വ്യക്തം.
നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷെ, അദ്ദേഹം സ്വന്തം നിലക്ക് ട്രസ്റ്റ് ഉണ്ടാക്കിയില്ല. പക്ഷെ, മോദിയുടെ ട്രസ്റ്റിൽനിന്ന് എല്ലാ പ്രധാന പുരോഹിതൻമാരെയും ഒഴിവാക്കി. അതിന് പകരം പാർട്ടിക്കാരെ നിയമിച്ചു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഞങ്ങളോട് അവർ അഭിപ്രായം ചോദിച്ചിട്ടില്ല. അവർ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് ആളുകൾക്ക് മുമ്പിൽ പറഞ്ഞുകൊണ്ടിരിക്കുന്നു.
വേദഗ്രന്ഥങ്ങളെ മറികടക്കുന്നത് ദൈവത്തിനെതിരെ കലാപമാണെന്ന പുരി ശങ്കരാചാര്യരുടെ വാക്കുകളെ അംഗീകരിക്കുന്നു. ഇത് പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. അത് എല്ലാവർക്കും മാനസ്സിലാകും.
മോദിയെ മാത്രമാണ് എവിടെയും കാണാനാവുക. എല്ലാറ്റിനും അതിന്റേതായ പരിധിയുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണെങ്കിൽ അത് എന്റെ പരിധി ലംഘിക്കലാണ്. അതുപോലെ തന്നെ രാഷ്ട്രീയക്കാരും മതത്തിൽ ഇടപെടരുത്. ആവശ്യമായിടത്ത് അവർ പരസ്പരം സഹകരിക്കണം. പക്ഷെ, മതകാര്യങ്ങളിൽ ധർമാചാര്യൻമാർക്ക് തന്നെയാണ് മുൻഗണന.
രാമപ്രതിഷ്ഠ ചടങ്ങ് ഇന്ത്യയെ വിഭജിക്കുമെന്ന് ആശങ്കയുണ്ട്. അവർ മത കേന്ദ്രീകൃതമായ ഹിന്ദുക്കളെയും രാഷ്ട്രീയവത്കരിച്ച ഹിന്ദുക്കളെയും വിഭജിക്കുകയാണ്. ദേശീയ ക്ഷേത്രമാണ് നിർമിക്കുന്നതെന്ന് ചിലർ പറയുന്നു. എങ്ങനെയാണ് ഇത് ദേശീയ ക്ഷേത്രമാകുന്നത്? മതം പരിഗണിക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുമിപ്പിക്കാൻ കഴിയണം. പക്ഷെ, നിങ്ങൾ ഹിന്ദുക്കളെ തന്നെ വിഭജിക്കുകയാണ്. രാമൻ പഠിപ്പിച്ചത് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അയോധ്യയിലേക്ക് രാമനെ കൊണ്ടുവരാൻ സാധിക്കുക. രാമന്റെ പാഠങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ ക്ഷേത്രം വെറുതെയാകും.
കാശിയിലെയും മഥുരയിലെയും പള്ളികൾ നിൽക്കുന്ന സ്ഥലത്തും അയോധ്യയിലേത് പോലെ ക്ഷേത്രങ്ങൾ വരണം എന്നാണ് ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം. രണ്ട് മതങ്ങൾ തമ്മിലുള്ള ശത്രുതക്ക് കാരണമാകാത്ത വിധം പരിഹരിക്കണം. മതകേന്ദ്രങ്ങൾ യഥാർഥ അവകാശികൾക്ക് തിരിച്ചുലഭിക്കുന്നതിലൂടെ സാമൂഹിക ഐക്യം കൊണ്ടുവരാൻ സാധിക്കും. 1950ലെ രാമരാജ്യ പരിഷതിന്റെ വിളംബര പത്രികയിൽ പറയുന്നത്, അവർ വിജയിക്കുകയാണെങ്കിൽ ഹിന്ദുക്കൾ കൈയടക്കിയ മുസ്‍ലിംകളുടെ സ്ഥലങ്ങളും മുസ്ലിംകൾ കൈയടക്കിയ ഹിന്ദുക്കളുടെ സ്ഥലങ്ങളും അതിന്റെ യഥാർഥ അവകാശികൾക്ക് നൽകുമെന്നായിരുന്നു.
ബാബരി മസ്ജിദ് വിധി വരുന്നതിന് മുമ്പായി ഞങ്ങൾ സുന്നി സെൻട്രൽ ബോർഡുമായി വിട്ടുവീഴ്ചയെക്കുറിച്ച് സംസാരിച്ചിരുന്നു. അവർ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട അവകാശവാദം പിൻവലിക്കുകയുണ്ടായി. അത് ഞങ്ങൾ കോടതിയിൽ സമർപ്പിക്കുകയും അതിനനുസരിച്ചുള്ള വിധി വരികയുമുണ്ടായി. ഇങ്ങനെയൊരു കരാർ ഉണ്ടായിരുന്നില്ലെങ്കിൽ സുപ്രീം കോടതിയിൽനിന്നുള്ള വിധി ഇപ്രകാരമാകില്ലായിരുന്നു. ഇതെല്ലാം സാധ്യമായത് ചർച്ചകളിലൂടെയാണ്. എല്ലാ പ്രശ്നങ്ങളും ഇത്തരത്തിൽ പരിഹരിക്കാം. നിലവിലെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ബുദ്ധിയുള്ള മുസ്‍ലിംകൾ മുന്നോട്ട് വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അജ്മീർ ദർഗ സന്ദർശിച്ചു എന്നാണ് ബി.ജെ.പിക്കാർ എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. അജ്മീറടക്കമുള്ള രാജസ്താനിലെ എല്ലാ ജില്ലകളും സന്ദർശിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. പക്ഷെ, അതിന് സാധിക്കാത്ത അവസ്ഥയാണ്. ഇനി ദർഗയിൽ പോയാൽ തന്നെ മുസ്‍ലിംമാകില്ല.
ശങ്കരാചാര്യൻമാരേക്കാൾ വലിയ ഹിന്ദുവായിട്ടാണ് ജനങ്ങൾ പ്രധാനമന്ത്രിയെ കാണുന്നത്. പക്ഷെ, പ്രധാനമന്ത്രി തന്നെ ദർഗയിലേക്ക് വിശിഷ്ട വസ്തുക്കൾ നൽകാറുണ്ട്. എന്നിട്ട് നരേന്ദ്ര മോദി മുസ്‍ലിംമായോ? പലവിധ ആക്ഷേപങ്ങൾ ഉന്നയിച്ച് ശങ്കരാചാര്യൻമാരുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ് അവർ. കോൺഗ്രസ് അനുഭാവിയാണെന്ന ബി.ജെ.പി ആരോപണവും തള്ളിക്കളയുന്നു. ഞാൻ ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകനാണെങ്കിൽ അതിന്റെ തെളിവ് കൊണ്ടുവരട്ടെ.
രാഷ്ട്രീയം ഒഴിവാക്കി മതം മാത്രം പിൻപറ്റുന്ന ഹിന്ദുക്കൾക്കെല്ലാം ഇത് സങ്കടകരമായ സാഹചര്യമാണ്. ഏകദേശം 25 കോടി പേരാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും കൂടെയുള്ളതെന്ന് അവരുടെ കണക്കുകൾ തന്നെ പറയുന്നു. ബാക്കി വരുന്ന 75 കോടി ഹിന്ദുക്കളും ഇത്തരം മോശം രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണ്. വേദഗ്രന്ഥങ്ങളെ ബഹുമാനിക്കുന്ന 75 കോടി ഹിന്ദുക്കളും ദുഃഖത്തിലാണ്. രാഷ്ട്രീയവത്കരിച്ച ഹിന്ദുക്കൾ മാത്രമാണ് സന്തോഷിക്കുന്നത്.
ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതിന് മുമ്പുള്ള പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി മാറ്റിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ, മാത്രമേ എല്ലാവരും സന്തോഷിക്കൂ. ഇത് പ്രധാനമന്ത്രിയോടുള്ള അപേക്ഷയാണ്. അങ്ങനെയേ അദ്ദേഹം നല്ലൊരു നേതാവാകൂ.
വാരണാസിയിൽ കാശി കോറിഡോർ വികസനത്തിന്റെ പേര് പറഞ്ഞ് പുരാതന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും തകർത്തപ്പോൾ മോദിക്കെതിരെ ഒരു പുരോഹിതനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബിനെ നമ്മൾ വെറുക്കുന്നുണ്ട്. അപ്പോൾ നമ്മളിൽപെട്ട ഒരാൾ തന്നെ അങ്ങനെ ചെയ്താൽ എങ്ങനെ പൊറുക്കാനാകും?
ഞാൻ ഒരിക്കലും മോദി വിരുദ്ധനല്ല. കാരണം മക്കളുടെ തെറ്റുകൾ കണ്ട് ശകാരിക്കാത്ത ഒരു പിതാവും ഈ രാജ്യത്തില്ല. തെറ്റുകളിൽനിന്ന് കാര്യങ്ങൾ ഉൾക്കൊള്ളുകയാണ് അദ്ദേഹത്തിന് നല്ലത്. ഞങ്ങൾ അദ്ദേഹത്തിന്റെ തെറ്റുകളെ മാത്രമാണ് എതിർക്കുന്നത്. നിങ്ങൾ വേദഗ്രന്ഥങ്ങൾ അനുസരിക്കുകയാണെങ്കിൽ ജനങ്ങൾ നിങ്ങളെ പ്രകീർത്തിക്കും. നിങ്ങൾ ഒരിക്കലും അപമാനിതനാകില്ല.