ഇത് കര്‍ഷകരുടെ രാജ്യം, ബിജെപിയുടേതല്ല: പ്രിയങ്ക ഗാന്ധി
'ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. കര്‍ഷക ഐക്യം സിന്ദാബാദ്'- വി ബി ശ്രീനിവാസ്
"ഇന്ത്യ കര്‍ഷകരുടെ രാജ്യമാണ്, അല്ലാതെ ബിജെപിയുടേതല്ല. ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിലൂടെ ഞാന്‍ കുറ്റമൊന്നും ചെയ്യുന്നില്ല. എനിക്ക് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണണം. എന്നെ എന്തിന് തടഞ്ഞു?"- ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയ യു.പി പൊലീസിനോടാണ് പ്രിയങ്കയുടെ ചോദ്യം.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ സന്ദര്‍ശിക്കാനിറങ്ങിയ പ്രിയങ്കയെ ആദ്യ യു.പി പൊലീസ് തടഞ്ഞു, പിന്നാലെ ഹര്‍ഗണില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലഖിംപൂരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനമാണ് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയത്. എട്ട് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലഖിംപൂര്‍ സന്ദര്‍ശനത്തിനായി ലഖ്നൌ വിമാനത്താവളത്തിലെത്തിയതു മുതല്‍ പല തവണയായി പ്രിയങ്കയെ യു.പി പൊലീസ് തടയുകയായിരുന്നു. 'വാറണ്ട് എവിടെ? വാറണ്ട് കാണിച്ചില്ലെങ്കില്‍ ഞാന്‍ പിന്മാറില്ല'- പ്രിയങ്ക ഗാന്ധി പൊലീസിനോട് പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ബി ശ്രീനിവാസ് ആണ് ട്വീറ്റിലൂടെ അറിയിച്ചത്- "ഒടുവിലത് സംഭവിച്ചു. ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചതുതന്നെ.. മഹാത്മാഗാന്ധിയുടെ ജനാധിപത്യ രാജ്യത്തില്‍, ഗോഡ്സെയുടെ ആരാധകരുള്ള രാജ്യത്തില്‍ കനത്ത മഴയോടും പൊലീസ് സേനയോടും പോരാടി, ഞങ്ങളുടെ നേതാവ് കര്‍ഷകരെ കാണാൻ പോകുന്നു. ഹർഗണിൽ നിന്ന് പ്രിയങ്കജിയെ അറസ്റ്റ് ചെയ്തു. ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. കര്‍ഷക ഐക്യം സിന്ദാബാദ്".
പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ എല്ലാ കർഷകരോടും ഹർഗൺ പൊലീസ് സ്റ്റേഷനിലെത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കര്‍ഷകരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ലഖിംപൂർ ഖേരിയിൽ കർഷകർ റോഡ് ഉപരോധിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ഇന്ന് രാജ്യത്തെ എല്ലാ കളക്ട്രേറ്റുകളും ഉപരോധിക്കുമെന്ന് ഭാരതീയ കിസാൻ മോർച്ച അറിയിച്ചു.