''ഇതെന്റെ മോദിജി തന്ന ആദ്യ ഗഡുവാണ്'' ബാങ്ക് പിഴവുമൂലം അക്കൗണ്ടിലെത്തിയ അഞ്ചര ലക്ഷം തിരിച്ചുകൊടുക്കാതെ യുവാവ്

ബാങ്ക് അധികൃതർ നിരവധി നോട്ടീസ് നൽകിയെങ്കിലും ഇയാൾ കണ്ടഭാവം നടിച്ചില്ല

Update: 2021-09-15 13:10 GMT
Advertising

''ഭരണത്തിലെത്തിയാൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും നൽകുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷത്തിൽ നിന്ന് ആദ്യ ഗഡുവായി തനിക്ക് കിട്ടിയതാണ് അഞ്ചരലക്ഷമെന്ന്'' വാദിച്ച് ബാങ്കിന്റെ പിഴവുമൂലം അക്കൗണ്ടിലെത്തിയ തുക തിരിച്ചുകൊടുക്കാതെ യുവാവ്.

''അക്കൗണ്ടിൽ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഇക്കഴിഞ്ഞ മാർച്ചിൽ പണം കിട്ടിയപ്പോൾ താൻ ഏറെ സന്തോഷത്തിലായെന്നും മോദിജി പറഞ്ഞ 15 ലക്ഷത്തിലെ ആദ്യ ഗഡുവാണിതെന്ന് ഞാൻ കരുതിയെന്നുമാണ് പണം കിട്ടിയ രഞ്ജിത് ദാസ് പറയുന്നത്.

അക്കൗണ്ട് നമ്പർ തെറ്റി ഗ്രാമീൺ ബാങ്കാണ് ബിഹാറിലെ ഖഗാരിയ ജില്ലയിൽ ഭക്തിയാർപൂരിൽ താമസിക്കുന്ന യുവാവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. തെറ്റ് മനസ്സിലാക്കിയ ബാങ്ക് അധികൃതർ നിരവധി നോട്ടീസ് നൽകിയെങ്കിലും ഇയാൾ കണ്ടഭാവം നടിച്ചില്ല. പണം ചിലവഴിച്ചുപോയെന്നും അതിനാൽ തിരിച്ചുനൽകാനാകില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചതിനാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് യുവാവ്.

ബാങ്ക് മാനേജർ നൽകിയ പരാതിപ്രകാരം ദാസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് മാനസി പൊലീസ് സ്‌റ്റേഷനിലെ ഹൗസ് കീപ്പറായ ദീപക് കുമാർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News