'സംഘർഷ സാധ്യത'; കാൺപൂരിൽ മുഹറം ഘോഷയാത്ര ഉപേക്ഷിച്ച് ശിയാ മുസ്‌ലിംകൾ
കാൺപൂരിലെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം ഘോഷയാത്ര ഉണ്ടാവില്ലെന്ന് ഘോഷയാത്രയുടെ ചുമതല വഹിക്കുന്ന കഫീൽ ഖുറൈശി പറഞ്ഞു.
കാൺപൂർ: സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കാൺപൂരിൽ ഈ വർഷം മുഹറം ഘോഷയാത്ര ഒഴിവാക്കാൻ ശിയാ മുസ്‌ലിംകളുടെ തീരുമാനം. ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശത്തിന്റെ പേരിൽ ജൂൺ മൂന്നിന് കാൺപൂരിൽ വ്യാപക സംഘർഷം അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഘോഷയാത്ര വേണ്ടെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ 225 വർഷമായി നടക്കുന്ന ഘോഷയാത്ര കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് മുടങ്ങിയത്. കാൺപൂരിലെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം ഘോഷയാത്ര ഉണ്ടാവില്ലെന്ന് ഘോഷയാത്രയുടെ ചുമതല വഹിക്കുന്ന കഫീൽ ഖുറൈശി പറഞ്ഞു.
കാൺപൂർ നഗരത്തിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തവണ ഘോഷയാത്ര നടത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. മുഹറം ദിനത്തിൽ എല്ലാവരും പ്രാർഥനകൾ വീടുകളിൽ വെച്ച് നടത്തണമെന്നും നഗരത്തിൽ സമാധാനം കാത്തുസൂക്ഷിക്കാൻ സഹകരിക്കണമെന്നും കഫീൽ ഖുറൈശി പറഞ്ഞു.