'ജയ്പൂരിലെ ട്രെയിനിൽ പൊലീസുകാരൻ ഓരോ കോച്ചിലും മുസ്‌ലിംകളെ തേടിച്ചെന്ന് മൂന്നുപേരെ വെടിവെച്ചു കൊന്നു'; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൊൽകാപ്പിയൻ തിരുമാവളവൻ
രൂക്ഷമായ വിലക്കയറ്റം മൂലം ഹിന്ദുക്കൾക്ക് പോലും ജീവിക്കാൻ പറ്റാത്ത രാജ്യമായി ഇന്ത്യ മാറി. അതുകൊണ്ടാണ് കർണാടകയിലെ ഹിന്ദു വോട്ടർമാർ ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നും തൊൽകാപ്പിയൻ പറഞ്ഞു.
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.സി.കെ എം.പി തൊൽകാപ്പിയൻ തിരുമാവളവൻ. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിതർക്കും മാത്രമല്ല സാധാരണക്കാരായ ഹിന്ദുക്കൾക്ക് പോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ സംഘത്തിന്റെ ഭാഗമായി താനും മണിപ്പൂർ സന്ദർശിച്ചിരുന്നു. മെയ്തി, കുകി വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗക്കാർക്കും വലിയ നഷ്ടമാണ് ഉണ്ടായത്. സ്ത്രീകൾ വ്യാപകമായി ആക്രമണത്തിന് ഇരയായി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യപോലും പീഡിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ 90 ദിവസത്തോളമായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി വായ തുറക്കാൻ തയ്യാറാവുന്നില്ലെന്നും തൊൽകാപ്പിയൻ പറഞ്ഞു.
മണിപ്പൂരിൽ മാത്രമല്ല, ഹരിയാനയിൽ മുസ്‌ലിംകൾക്കെതിരെയാണ് ആക്രമണം. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുസ്‌ലിംകളെ ആക്രമിക്കുകയും അവരുടെ സ്ഥാപനങ്ങൾ തകർക്കുകയും ചെയ്യുന്നു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുറത്താക്കി ഇവിടെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് തങ്ങൾ ആയുധമേന്തുന്നതെന്നാണ് വിശ്വ ഹിന്ദു പരിഷത്തുകാർ പറയുന്നത്.
ഹരിയാനയിൽ മാത്രമല്ല ജയ്പൂരിൽ ഒരു റെയിൽവേ പൊലീസുകാരൻ ട്രെയിനിലെ ഓരോ കോച്ചിലും തിരഞ്ഞുചെന്ന് അടയാളം നോക്കി മൂന്ന് മുസ് ലിംകളെ വെടിവെച്ചു കൊന്നു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? മുസ്‌ലിംകൾക്ക് രക്ഷയില്ല, ക്രിസ്ത്യാനികൾക്ക് രക്ഷയില്ല, ദലിതർക്ക് രക്ഷയില്ല, സ്ത്രീകൾക്ക് രക്ഷയില്ല, രാജ്യമുഴുവൻ സ്ത്രീകൾ ആക്രമിക്കപ്പെടുകയാണ്. എന്തിന് ഹിന്ദുക്കൾക്ക് പോലും രക്ഷയില്ല.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കോർപ്പറേറ്റുകളുടെ കടം 18 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. സാധാരണക്കാരൻ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കൂടി. തക്കാളി കിലോ 200-300 രൂപയായി. ഹിന്ദു സമൂഹത്തെക്കൂടിയാണ് ഇതെല്ലാം ബാധിക്കുന്നത്. ഈ രാജ്യം ഹിന്ദുക്കൾക്കും ജീവിക്കാൻ പറ്റാത്ത നാടായി മാറി. അതുകൊണ്ടാണ് കർണാടകയിലെ ഹിന്ദു വോട്ടർമാർ ബി.ജെ.പിയെ പുറത്താക്കി കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നും തൊൽകാപ്പിയൻ പറഞ്ഞു.