'കട തുറക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കട പൂട്ടുന്ന തിരക്കിലാണ്'; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി
ഒരുനല്ല പ്രതിപക്ഷത്തിൻ്റെ ആവശ്യം രാജ്യത്തിനുണ്ടെന്നും കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി: രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ ഉത്പന്നം പല തവണ അവതരിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും കട തുറക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കട പൂട്ടുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു രാഷ്ട്രീയ പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസ് പതിറ്റാണ്ടുകൾ അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കും എന്ന് ശപഥം എടുത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഒരുനല്ല പ്രതിപക്ഷമാകാൻ കോൺഗ്രസിന് 10 വർഷം അവസരം ലഭിച്ചെന്നും എന്നാൽ അവർ അവസരം നശിപ്പിച്ചെന്നും പ്രതിപക്ഷമാകാൻ യോഗ്യതയുള്ള പാർട്ടികളെ മുന്നോട്ട് വരുന്നതിൽ നിന്ന് കോൺഗ്രസ് തടഞ്ഞെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒരുനല്ല പ്രതിപക്ഷത്തിൻ്റെ ആവശ്യം രാജ്യത്തിനുണ്ടെന്നും കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ആഗ്രഹം ജനങ്ങൾ നിറവേറ്റുമെന്നും പ്രതിപക്ഷത്തെ സന്ദർശക ഗ്യാലറിയിൽ കാണാമെന്നും പ്രധാന മന്ത്രി പരിഹസിച്ചു. പ്രതിപക്ഷം രാജ്യത്തെ വിഭജിച്ചെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പ്രതിപക്ഷത്തെ ടേപ്പ് റെക്കോർഡറെന്നും പരിഹസിച്ചു. പാവപ്പെട്ടവരെ കോൺഗ്രസ് വോട്ട് ബാങ്ക് ആയി മാത്രം കണ്ടെന്നും ജനങ്ങളുടെ ക്ഷേമം കോൺഗ്രസിന് വിഷയമായിരുന്നില്ലെന്നും എന്നാൽ ജനങ്ങളുടെ ക്ഷേമം രാജ്യത്തിൻ്റെ ക്ഷേമമായാണ് ബി.ജെ.പി കരുതുന്നതെന്നും മോദി പറഞ്ഞു.
ഒ.ബി.സി വിഭാഗത്തെയും അതിപിന്നോക്ക വിഭാഗത്തെയും കോൺഗ്രസ് ഭരണം അവഗണിച്ചെന്നും എന്നാൽ ഇപ്പോള്‍ അവരെ ആദരിക്കുകയാണെന്നും അതിന് ഉദാഹരണമാണ് കർപ്പൂരി താക്കൂറിന് ഭാരത് രത്ന നൽകിയതെന്നും പറഞ്ഞ അദ്ദേഹം സർക്കാരിൽ എത്ര ഒ.ബി.സി ഉണ്ടെന്നാണ് കോൺഗ്രസിന് സംശയമെന്നും പ്രധാന മന്ത്രി സ്ഥാനത്ത് ഒ.ബി.സി ഉള്ളത് നിങ്ങൾ കാണുന്നില്ലേ എന്നും ചോദിച്ചു.
ബി.ജെ.പി 370 സീറ്റും എൻ.ഡി.എ 400 സീറ്റും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും മൂന്നാം വട്ടം അധികാരത്തിൽ എത്തുന്ന കാലത്തിന് അധിക ദൂരമില്ലെന്നും പറഞ്ഞ മോദി 100-125 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സർക്കാർ രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു. 2014ൽ ഇന്ത്യൻ സമ്പദ്ഘടന പതിനൊന്നാം സ്ഥാനത്ത് ആയിരുന്നെന്നും ഇന്ന് രാജ്യം അഞ്ചാം സ്ഥാനത്ത് എത്തിയതിൽ പ്രതിപക്ഷം സന്തോഷിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി വികസിത രാജ്യം എന്നൊരു സ്വപ്നം പോലും കോൺഗ്രസിൻ്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്നും ബി.ജെ.പിയുടെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇത് നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയാണെന്നും കൂട്ടിച്ചേർത്തു.
ചെങ്കോലിനെ അനുഗമിച്ച് നടന്നതിൽ അഭിമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രാമക്ഷേത്ര നിർമാണവും ആവർത്തിച്ചു. വിലക്കയറ്റത്തിന് മുൻകാല കോൺഗ്രസ് സർക്കാരുകളാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ പ്രധാന മന്ത്രി വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നും പറഞ്ഞു.