പുഴ പെട്ടെന്ന് കറുത്ത നിറത്തിലായി; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി
നദി ഈ അവസ്ഥയിലാകാന്‍ കാരണം ചൈനയാണെന്ന് പ്രദേശവാസികള്‍
പുഴയുടെ നിറം പൊടുന്നനെ കറുത്ത നിറത്തിലായി. പിന്നാലെ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. അരുണാചൽ പ്രദേശിലെ കമെങ് നദിയിലാണ് സംഭവം.
സെപ്പയിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് മത്സ്യങ്ങൾ നദിയിൽ ചത്തുപൊങ്ങിയെന്ന് ജില്ലാ ഫിഷറീസ് വികസന ഓഫീസർ ഹാലി ടാജോ പറഞ്ഞു. ടോട്ടൽ ഡിസോൾവ്ഡ് സബ്സ്റ്റന്‍സിന്‍റെ (ടിഡിഎസ്) അളവ് ഉയര്‍ന്നതാണ് നദി കറുത്ത നിറത്തിലാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ടിഡിഎസ് ജലജീവികള്‍ക്ക് ശ്വസിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
ലിറ്ററിന് 300-1200 മില്ലിഗ്രാം ടിഡിഎസ് എന്നതാണ് സാധാരണ നിരക്ക്. എന്നാല്‍ കമെങ് നദിയില്‍ ലിറ്ററിന് 6800 മില്ലിഗ്രാം ടിഡിഎസ് എന്നതാണ് നിരക്ക്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ മത്സ്യം കഴിക്കരുതെന്ന് അധികൃതര്‍ ജനങ്ങളോട് പറഞ്ഞു.
നദിയിലെ ടിഡിഎസ് വർധിക്കാന്‍ കാരണം ചൈനയാണെന്ന് സെപ്പ നിവാസികൾ കുറ്റപ്പെടുത്തി. ചൈനയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് നദിക്ക് ഈ ഗതി വനതെന്നാണ് ആരോപണം. കമെങ് നദിയിലെ വെള്ളത്തിന്‍റെ നിറവ്യത്യാസത്തിനും വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനും കാരണം കണ്ടെത്താൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സെപ്പ ഈസ്റ്റ് എംഎൽഎ തപുക് തക്കു സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. കമെങ് നദിയിൽ ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് കുറച്ച് ദിവസം കൂടി തുടർന്നാൽ നദിയിലെ ജലജീവികൾ പൂർണമായും ഇല്ലാതാകുമെന്നും എംഎല്‍എ പറഞ്ഞു.