പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ മൂന്ന് നിർണായക ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ
രാജ്യസുരക്ഷ മുൻനിർത്തി പൗരന്മാരുടെ ഫോൺ കോളുകളും ഇമെയിൽ, വാട്സ്ആപ്പ് സന്ദേശങ്ങളും നിരീക്ഷിക്കാൻ സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്മ്യൂണിക്കേഷൻ ബില്ലാണ് ലോക്സഭ ഇന്ന് പാസാക്കിയ ബില്ലുകളിലൊന്ന്
ന്യൂഡല്‍ഹി: പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ. മൂന്ന് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകളും ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ബില്ലും രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച ബില്ലുമാണ് ഇന്ന് പാർലമെന്റ് ചർച്ച ചെയ്തത്. ശൈത്യകാല സമ്മേളനം വെട്ടിചുരുക്കി ലോക് സഭ അനശ്ചിത കാലത്തേക്ക് പിരിഞ്ഞു.
രാജ്യസുരക്ഷ മുൻ നിർത്തി പൗരന്മാരുടെ ഫോൺ കോളുകളും ഇമെയിൽ വാട്സ്ആപ്പ് സന്ദേശങ്ങളും നിരീക്ഷിക്കാൻ സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്മ്യൂണിക്കേഷൻ ബില്ലാണ് ലോക്സഭ ഇന്ന് പാസാക്കിയത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂർ അവതരിപ്പിച്ച ബിൽ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. അനധികൃതമായി പൗരൻ്റെ ഫോൺകോളുകൾ ചോർത്തിയാൽ മൂന്ന് വർഷം വരെയുള്ള തടവുശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്ന സിം കാർഡുകളുടെ എണ്ണം 9 ആക്കി ബിൽ പരിമിതപ്പെടുത്തി. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ആക്ഷേപം ഉയർത്തിയിരുന്ന പ്രതിപക്ഷ നിര സസ്പെൻഷൻ നേരിടുന്നതിനാൽ എതിർപ്പേതുമില്ലാതെ ബിൽ പാസാക്കാൻ സർക്കാരിന് കഴിഞ്ഞു.
രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവനം എന്നിവ സംബന്ധിച്ച ബിൽ സുപ്രീം കോടതി വിധി മറികടക്കാനാണ് സർക്കാർ സഭയിൽ അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വേണമെന്ന കോടതി ഉത്തരവ് ഇതോടെ അസാധുവായി. ചീഫ് ജസ്റ്റിസിന് പകരം നിയമ മന്ത്രി ആകും സമിതിയിലെ അംഗം.
ലോക്സഭ ഇന്നലെ പാസാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷം സഭയിൽ ഇല്ലായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ കൊളോണിയൽ കാലത്തെ നിയമങ്ങളാണ് എന്ന് നിരീക്ഷിച്ചാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം എന്നീ ബില്ലുകൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയത്.