വഴിയിൽ ചോരവാർന്ന് ബിസിനസുകാരൻ, രക്ഷിക്കാതെ പണം തട്ടി യുവാക്കൾ; ദാരുണാന്ത്യം

പണം പൊലീസിലേൽപ്പിക്കാമെന്നാണ് പറഞ്ഞാണ് യുവാക്കൾ മുങ്ങിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്

Update: 2024-01-15 07:22 GMT
Advertising

ആഗ്ര: അപകടത്തിൽ പരിക്കേറ്റ് വഴിയിൽ ചോരവാർന്നു കിടന്നയാളെ രക്ഷിക്കാതെ ബാഗിലുണ്ടായിരുന്ന പണം തട്ടി യുവാക്കൾ. ചോരവാർന്ന് യുവാവ് മരിച്ചതിന് പിന്നാലെ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപർവത് സ്വദേശികളായ ആകാശ്, പ്രവീൺ, രാകേഷ് എന്നിവരെയാണ് അറസ്‌റ് ചെയ്തിരിക്കുന്നത്.

ആഗ്രയിൽ ദേശീയപാത 19ൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ട്രക്ക് മറ്റ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിസിനസുകാരനായ ധർമേന്ദ്ര ഗുപ്ത (46) ഉൾപ്പടെ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ചോരവാർന്ന് റോഡിൽ കിടക്കുന്നതിനിടെയാണ് മൂന്ന് യുവാക്കൾ ബൈക്കിൽ ഇതുവഴി കടന്നു പോയത്. ധർമേന്ദ്ര ചോരവാർന്ന് കിടക്കുന്നത് കണ്ടിട്ടും ഇവർ രക്ഷിക്കാൻ ശ്രമിക്കാതെ ബാഗിലുണ്ടായിരുന്ന പണം കവർന്ന് രക്ഷപെട്ടു.

സംഭവസമയം ഏതാനും നാട്ടുകാരും അവിടെയുണ്ടായിരുന്നു. ധർമേന്ദ്രയുടെ ബാഗിലുള്ള പണത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പണം പൊലീസിലേൽപ്പിക്കാമെന്ന് പറഞ്ഞാണ് യുവാക്കൾ ഇവർക്കിടയിൽ നിന്ന് കടന്നത്. തുടർന്ന് കുറച്ചാളുകൾ ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള എസ്എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവാക്കൾ പണവുമായി കടന്നുകളയുന്നതിന്റെ ദൃശ്യം ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോ കണ്ടതോടെ പണം ധർമേന്ദ്രയുടേതാണെന്നറിയിച്ച് ബന്ധുക്കൾ രംഗത്തെത്തി. ക്ഷീര വ്യാപാരിയാണ് ധർമേന്ദ്ര. അപകടം നടക്കുന്ന ദിവസം മഥുരയിൽ നിന്ന് ആഗ്രഹിയിലുള്ള തന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

കയ്യിൽ 1.5 ലക്ഷം രൂപയുണ്ടായിരുന്നതായി ധർമേന്ദ്ര പറഞ്ഞിരുന്നതായാണ് സഹോദരൻ മഹേന്ദ്ര പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. രാത്രി ഏറെ വൈകിയും ധർമേന്ദ്ര വീടെത്താഞ്ഞതിനാൽ ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്എൻ ആശുപത്രിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേ ധർമേന്ദ്ര മരിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

പ്രതികളിൽ നിന്ന് ധർമേന്ദ്രയുടെ ആധാറും എടിഎം കാർഡും 9000 രൂപയും കണ്ടെടുത്തതായി ഹരിപർവത് എസിപി ആദിത്യകുമാർ അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News