മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പതാക വീശി; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ
പതാക പൊലീസ് പിടിച്ചെടുത്തു
Update: 2024-07-15 13:47 GMT
പട്ന: ഫലസ്തീൻ പതാക വീശിയതിന് ബിഹാറിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവാഡ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. പതാക വീശുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്.
ധമൗല മേഖലയിൽ മുഹറത്തിന്റെ ഭാഗമായുള്ള ഘോഷയാത്രക്കിടെ ഇവർ പതാക വീശുകയായിരുന്നു. അധികൃതരുടെ അനുമതിയില്ലാതെയാണ് ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പതാക പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ചയും ഫലസ്തീൻ പതാക വീശിയതിന് ബിഹാർ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തിരുന്നു. ധർബംഗ ജില്ലയിലാണ് സംഭവം.
ജൂലൈ ഒമ്പതിന് ഉത്തർ പ്രദേശിൽ ഫലസ്തീൻ പതാക വീശിയതിന് 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദോഹി മേഖലയിൽ മുഹറം ഘോഷയാത്രക്കിടയിലാണ് സംഭവം.