ബി.വി. നാഗരത്ന ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യത; സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്‌ജിമാർ കൂടി

മൂന്നു വനിതാ ജഡ്‌ജിമാരാണ് കൊളീജിയം പട്ടികയിലുള്ളത്.

Update: 2021-08-18 05:27 GMT
Advertising

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ നല്‍കി. ഇതാദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശിപാർശ ചെയ്യുന്നത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന വനിതകള്‍. 

ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ളയാളാണ് ബി.വി. നാഗരത്ന. 1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളായ ഇവര്‍ 2008 ലാണ് കർണാടക ഹൈകോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നാഗരത്‌ന നിയമിതയായി.

കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി. ടി രവികുമാറും കൊളീജിയം പട്ടികയിലുണ്ട്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് എം. എം സുന്ദരേഷ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ് നരസിംഹ എന്നിവരുടെ പേരുകളും കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് ഇടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷി എന്നിവരുടെ പേരുകള്‍ ആദ്യം ശിപാര്‍ശ ചെയ്യണമെന്ന നിലപാട് കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനോട് കൊളീജിയത്തിലെ മറ്റ് പലരും വിയോജിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശിപാര്‍ശ നല്‍കാന്‍ കഴിയാതിരുന്നത്. 


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News