മൂന്ന് വർഷത്തിന് ശേഷം ഷഹാബുദ്ദീന്റെ കുടുംബം ആർജെഡിയിലേക്ക്: സ്വീകരിച്ച് ലാലു പ്രസാദ് യാദവും തേജസ്വിയും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിവാനിൽ, ആർജെഡിയുടെ വോട്ടുകൾ പിളർത്തിയത് ഹിനയായിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് പിടിച്ചത്. അതോടെ ജെഡിയു വിജയം എളുപ്പമായി

Update: 2024-10-28 06:49 GMT
Editor : rishad | By : Web Desk
Advertising

പറ്റ്‌ന: അന്തരിച്ച മുൻ എംപിയും ബിഹാറിലെ മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനവുമുള്ള മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹിന ഷഹാബും മകൻ ഉസാമ ഷഹാബും ആർജെഡിയിൽ തിരിച്ചെത്തി. ആർജെഡി ബന്ധം ഉപേക്ഷിച്ച് ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ആർജെഡിയിലേക്ക് തന്നെ മടങ്ങിയെത്തുന്നത്.

ഇരുവരേയും ആർജെഡി ദേശീയ അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് സ്വീകരിച്ചു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷൻ തേജസ്വി യാദവും ചടങ്ങിനെത്തി. പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഷഹാബുദ്ദീനെന്നും അതിനാൽ അവരുടെ കുടുംബം എപ്പോഴും പാർട്ടിയുടെ ഭാഗം തന്നെയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. 2021ൽ മുഹമ്മദ് ഷഹാബുദ്ദീൻ അന്തരിച്ചതിനെ തുടർന്നാണ് ഹിന, പാർട്ടി വിടുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിവാനിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. ആർജെഡി സ്ഥാനാർഥി അവധ് ബിഹാരി ചൗധരിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി.

ഇവിടെ ജെഡിയു ആണ് വിജയിച്ചത്. ആർജെഡിയുടെ വോട്ടുകൾ കാര്യമായി തന്നെ ഹിന, പിളർത്തി. അതോടെ ജെഡിയുവിന്റെ വിജയ് ലക്ഷ്മി കുശ്വാഹയുടെ ജയം എളുപ്പമാക്കുകയും ചെയ്തു. 90,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജെഡിയു വിജയിച്ചത്. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് ഹിന നേടിയത്. 2009ന് ശേഷം നാലാം തവണയാണ് ഹിന, സിവാൻ ലോക്സഭാ മണ്ഡലത്തിൽ നിന്നും പരാജയപ്പെടുന്നത്. 1996 മുതൽ 2004 വരെ ഈ മണ്ഡലത്തിൽ നിന്നും മുഹമ്മദ് ഷഹാബുദ്ദീനായിരുന്നു വിജയിച്ചിരുന്നത്. സിവാനിലെ 'സാഹെബ്' എന്നാണ് ഷഹാബുദ്ദീൻ അറിയപ്പെട്ടിരുന്നത്.

ആ മേഖലയിൽ മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനമുള്ള നേതാവായിരുന്നു ഷഹാബുദ്ദീൻ. അദ്ദേഹത്തിന്റെ മരണത്തോടെയാണ് കുടുംബം ആർജെഡിയുമായി അകലുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കോവിഡ് ബാധിതനായി 2021ലാണ് ഷഹാബുദ്ദീൻ മരിക്കുന്നത്. ഇരട്ടക്കൊലപാതകക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു അദ്ദേഹം.

വർഗീയ ശക്തികളായ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ശക്തമായി പോരാടാൻ ഹിനയും ഉസാമയും ഞങ്ങളെ സഹായിക്കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു. ആർജെഡിയുടെ സ്ഥാപക അംഗമായിരുന്നു ഷഹാബുദ്ദീനെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളോടൊപ്പം തിരിച്ചെത്തിയത് പാര്‍ട്ടിക്ക് കരുത്തേകുമെന്നും ലാലുപ്രസാദ് കൂട്ടിച്ചേര്‍ത്തു.  അതേസമയം പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവും, ഹിനയേയും ഉസാമയെയും ആർജെഡിയിലേക്ക് സ്വാഗതം ചെയ്തു. അവരുടെ സാന്നിധ്യം പാർട്ടിക്ക് വളരേയധികം ഗുണം ചെയ്യുമെന്ന് തേജസ്വി പറഞ്ഞു.

അതേസമയം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഹിനയും കുടുംബവും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. മകന്‍ ഉസാമക്ക് മത്സരിക്കാനുള്ളൊരു സീറ്റാണ് ഹിന നോക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു സ്വാഭിമാൻ യാത്രയിലൂടെ ഹിന്ദു ഏകീകരണത്തിനായി ബിജെപി നേതാവ് ഗിരിരാജ് സിങ് ശ്രമിക്കുന്നതും പുതിയ രാഷ്ട്രീയ പ്രവേശനത്തിലൂടെ മുസ്‌ലിം വോട്ടുകള്‍ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി പിളര്‍ത്താനൊരുങ്ങുന്നതും ആര്‍ജെഡിക്ക് കടുത്ത ക്ഷീണമാണ്. അതിനാല്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനാണ് ആർജെഡി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഹിനനേയയും കുടുംബത്തെയും ഒരു മടിയും കൂടാതെ പാര്‍ട്ടി സ്വീകരിക്കുന്നത്.

സിവാന് പുറമെ ഗോപാൽഗഞ്ച് ജില്ലയിലേയും മുസ്‌ലിം വോട്ടുകളെ ഹിന, സ്വാധീനിക്കുമെന്നാണ് ആര്‍ജെഡി കണക്കുകൂട്ടുന്നത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിവാനിലെ മണ്ഡലങ്ങളിൽ നിന്ന് വേണ്ടപ്പെട്ടവര്‍ക്ക്  ടിക്കറ്റ് നൽകാത്തതിനെത്തുടർന്നാണ് ഹിന, ആർജെഡിയുമായി പിണങ്ങിയതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 1990കളുടെ തുടക്കം മുതൽ 2004 വരെ സിവാനിലെ ശക്തനായിരുന്നു ഷഹാബുദ്ദീൻ. 2008ന് ശേഷം അര ഡസനിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മേഖലയിലെ അദ്ദേഹത്തിന്റെ സ്വാധീനം കുറഞ്ഞു തുടങ്ങിയത്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. തുടര്‍ന്നാണ് ഹിനയെ മത്സരിപ്പിക്കാൻ ആർജെഡി തീരുമാനിക്കുന്നത്. എന്നാല്‍ വിജയിക്കാനായില്ല. 2014ലും 2019ലും മത്സരിച്ചെങ്കിലും തോറ്റു. പിന്നാലെയാണ് പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നത്. 2024ല്‍ വന്‍ മുന്നേറ്റം നടത്തിയതോടെ നഷ്ടപ്പെട്ട സ്വാധീനം ഷഹാബുദ്ദീന്റെ കുടുംബം തിരിച്ചുപിടിക്കുന്നതായി വിലയിരുത്തലുണ്ടായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News