ജി.എസ്.ടി വഴി ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒരു നികുതി സംവിധാനം യാഥാർഥ്യമായി -നിർമല സീതാരാമൻ
ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു
ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ഇടക്കാല ബജറ്റിൽ നേട്ടങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി വഴി ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒരു നികുതി എന്ന സംവിധാനം യാഥാർഥ്യമായെന്ന് ധനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് നേട്ടമാണുണ്ടായത്.
കോവിഡിന് ശേഷം പുതിയ ആഗോള ക്രമം രാജ്യങ്ങൾക്കിടയിൽ രൂപംകൊണ്ടു. ലോകം മുഴുവൻ കോവിഡ് രൂക്ഷമായി ബാധിക്കപ്പെട്ടു. ഇതിൽനിന്ന് മുന്നോട്ടുള്ള വഴി ലോകത്തിന് കാണിച്ചത് ഇന്ത്യയാണ്.
ജി20 രാജ്യത്തിൻ്റെ നേട്ടമായി മാറി. അടുത്ത അഞ്ച് വർഷം വികസിത ഇന്ത്യയുടെ സ്വപ്നം തിരിച്ചറിയാനുള്ള സമയമാണ്.
അമൃത് കാലത്തിലേക്കുള്ള സുസ്ഥിര വികസനം ഉറപ്പാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചു. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന 3 കോടി വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് 2 കോടി വീടുകൾ കൂടി നിർമിക്കും.
സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1 കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.