തെലങ്കാന കുതിരക്കച്ചവടം: തുഷാർ വെള്ളാപ്പള്ളിയടക്കമുള്ളവർ ഹാജരായില്ല; അറസ്റ്റിന് നീക്കം
സമന്‍സ് അയച്ചവരില്‍ ബി ശ്രീനിവാസ് മാത്രമാണ് ഹാജരായത്.
ഹൈദരാബാദ്: തെലങ്കാനയിൽ എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ളവർ പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. കുതിരക്കച്ചവട കേസിൽ തുഷാര്‍ വെള്ളാപ്പള്ളിയെ കൂടാതെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എല്‍ സന്തോഷും ജഗ്ഗുസ്വാമിയുമാണ് ഹാജരാവാതിരുന്നത്.
ഈ സാഹചര്യത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്യാനായി എസ്.ഐ.ടി ഹൈക്കോടതിയുടെ നിയമോപദേശം തേടും. തെലങ്കാന ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് കേസ് അന്വേഷിക്കുന്നത്. സമന്‍സ് അയച്ചവരില്‍ ബി ശ്രീനിവാസ് മാത്രമാണ് ഹാജരായത്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ശ്രീനിവാസിനെ വിട്ടയച്ചു.
തിങ്കളാഴ്ച ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻ.ഡി.എയുടെ കേരളാ കൺവീനറായ തുഷാറിന് നോട്ടീസ് നൽകിയിരുന്നത്. ഈ മാസം മധ്യത്തിൽ കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്.
തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാൽ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാന്‍ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ചില ദൃശ്യങ്ങളും ഫോട്ടോകളും അദ്ദേഹം ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.