വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന് തിഹാര്‍ ജയിലില്‍ സ്വന്തം ചെലവില്‍ എയര്‍കൂളര്‍

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജയിൽ അധികൃതർക്ക് നിർദേശം നൽകിയത്

Update: 2024-06-19 02:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന് ചെലവിൽ എയർ കൂളർ നൽകണമെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജയിൽ അധികൃതർക്ക് നിർദേശം നൽകിയത്.

കടുത്ത ചൂട് കാരണം സുകേഷിന് ചര്‍മപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മണ്ഡോലി ജയിലിലെ സെന്‍ട്രലൈസ്ഡ് എയർ കണ്ടീഷനിംഗ് സംവിധാനം അറ്റകുറ്റപ്പണിയിലാണെന്ന വാദങ്ങളും വസ്തുതകളും പരിഗണിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) ചന്ദർ ജിത് സിംഗാണ് നിർദ്ദേശം നൽകിയത്. സുകേഷ് ചന്ദ്രശേഖറിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിലെ ചൂട് നിയന്ത്രിക്കാന്‍ ജയിൽ അധികൃതർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ പ്രതിക്ക് സ്വന്ത ചെലവില്‍ കൂളർ നൽകണമെന്നും ജൂൺ 3ന് പുറപ്പെടുവിച്ച ഉത്തരവില്‍ എഎസ്ജെ സിംഗ് നിര്‍ദേശിച്ചു.''ഡല്‍ഹിയില്‍ കൊടുംചൂടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജയില്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്ന സമയത്ത് ഭാവിയിൽ ഇത്തരമൊരു സാഹചര്യം ഉയർന്നുവരുമെന്ന് കരുതിയിട്ടുണ്ടാകില്ല" എന്ന് കോടതി നിരീക്ഷിച്ചു.

സെല്ലിലെ സെൻട്രൽ കൂളിംഗ് സിസ്റ്റം മനഃപൂർവം സ്വിച്ച് ഓഫ് ചെയ്തതാണെന്ന് പ്രതിയുടെ അഭിഭാഷകൻ അനന്ത് മാലിക് വാദിച്ചു.മണ്ഡോലി ജയിൽ സമുച്ചയത്തിലെ മുഴുവൻ കേന്ദ്രീകൃത ശീതീകരണ സംവിധാനവും അറ്റകുറ്റപ്പണി / മാറ്റിസ്ഥാപിക്കൽ നടക്കുന്നുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. എന്നിരുന്നാലും, പ്രത്യേക കൂളറിന് വ്യവസ്ഥയില്ലെന്ന് ജയിൽ അധികാരികള്‍ വ്യക്തമാക്കുന്നു.

സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ്. തട്ടിയെടുത്ത തുകയിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News