2.5 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ; ആസ്തിയിൽ വിപ്രോയെയും നെസ്‍ലെയെയും പിന്നിലാക്കി തിരുപ്പതി ക്ഷേത്രം
1933-ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ് തിരുമല തിരുപ്പതി ദേവസ്ഥാനം ആസ്തി വിവരം വെളിപ്പെടുത്തുന്നത്
ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി. രണ്ടരലക്ഷം കോടിയാണ് (ഏകദേശം 30 ബില്യൺ യുഎസ് ഡോളർ) ക്ഷേത്രത്തിന്റെ മൊത്തം ആസ്തിയെന്ന് നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനമാണ് വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ വന്‍കിട കമ്പനികളായ വിപ്രോ, ഫുഡ് ആൻഡ് ബിവറേജ് കമ്പനിയായ നെസ്‍ലെ, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ഭീമൻമാരായ ഒഎൻജിസി, ഐഒസി എന്നിവയുടെ വിപണി മൂലധനത്തേക്കാൾ കൂടുതലാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി.
1933-ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ് തിരുമല തിരുപ്പതി ദേവസ്ഥാനം ആസ്തി വിവരം വെളിപ്പെടുത്തുന്നത്. വിവിധ ബാങ്കുകളിലായി 10.25 ടൺ സ്വർണം, 2.5 ടൺ സ്വർണാഭരണങ്ങൾ, ബാങ്കുകളിൽ ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപം, ഇന്ത്യയിലുടനീളം 960 വസ്തുവകളും ഈ ആസ്തിയിൽ ഉൾപ്പെടും. ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി നൽകിയ ഭൂമി, കെട്ടിടങ്ങൾ, ബാങ്കുകളിലെ പണം, സ്വർണ്ണ നിക്ഷേപം എന്നിവയും ഈ ആസ്തികളിൽ ഉൾപ്പെടും.
നിലവിൽ ബെംഗളൂരു ആസ്ഥാനമായുള്ള വിപ്രോയുടെ വിപണി മൂല്യം 2.14 ലക്ഷം കോടി രൂപയും അൾട്രാടെക് സിമന്റിന്റെ വിപണി മൂല്യം 1.99 ലക്ഷം കോടി രൂപയുമാണ്. സ്വിസ് മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രമുഖ നെസ്ലെയുടെ ഇന്ത്യൻ യൂണിറ്റിന്റെ വിപണി മൂല്യം 1.96 ലക്ഷം കോടി രൂപയ്ക്കും താഴെയാണ്.സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ഭീമൻമാരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) എന്നിവയ്ക്കും ക്ഷേത്ര ട്രസ്റ്റിനെക്കാൾ മൂല്യം കുറവാണ്.
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (17.53 ലക്ഷം കോടി രൂപ), ടാറ്റ കൺസൾട്ടൻസി സർവീസസ് (11.76 ലക്ഷം കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (8.34 ലക്ഷം കോടി രൂപ), ഇൻഫോസിസ് (6.37 ലക്ഷം കോടി രൂപ), ഐസിഐസിഐ ബാങ്ക് (6.31 ലക്ഷം കോടി രൂപ) ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (5.92 ലക്ഷം കോടി രൂപ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (5.29 ലക്ഷം കോടി രൂപ), ഭാരതി എയർടെൽ (4.54 ലക്ഷം കോടി രൂപ), ഐടിസി (4.38 ലക്ഷം കോടി രൂപ) തുടങ്ങിയ കമ്പനികള്‍ക്കാണ് തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനെക്കാൾ കൂടുതൽ ആസ്തിയുള്ളത്.