അധീര്‍ രഞ്ജന്‍ ചൗധരിക്ക് എതിരാളി യൂസുഫ് പത്താന്‍; കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം പിടിക്കാന്‍ തൃണമൂല്‍
കോണ്‍ഗ്രസിനൊപ്പം ദീര്‍ഘകാലങ്ങളായി നില്‍ക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അഞ്ചുവട്ടം അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയിലെത്തിയത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ലോക്സഭാ അങ്കം മുറുകുകയാണ്. മുന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനെ കളത്തിലിറക്കി ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലെ സിറ്റിങ് എം.പിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയുമായി യൂസുഫ് പത്താന്‍ ഏറ്റുമുട്ടുമ്പോള്‍ കടുത്ത മത്സരത്തിനാണ് മണ്ഡലം സാക്ഷിയാവുക.
കോണ്‍ഗ്രസിനൊപ്പം ദീര്‍ഘകാലങ്ങളായി നില്‍ക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അഞ്ചുവട്ടം അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയിലെത്തിയത്. 1999 ല്‍ തുടങ്ങിയ വിജയം മണ്ഡലത്തില്‍ തുടരെ അധീര്‍ രഞ്ജന്‍ ചൗധരി നേടി. 591,147 വോട്ടുകളാണ് 2019 ല്‍ ചൗധരി നേടിയത്. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായ യൂസഫ് പത്താനെ ഇറക്കി രാഷ്ട്രീയ തന്ത്രത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.
'ഇന്ത്യ' സഖ്യത്തോട് പിണങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്കാണ് 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ബഹറാംപൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നു നേരത്തേ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സഖ്യസാധ്യത മങ്ങിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കുകയായിരുന്നു.