''വരാണസി എം.പിയാണ് പുതിയ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ മതചടങ്ങ് നടത്തിയത്''-പുതിയ വിലക്കിൽ മഹുവ മൊയ്ത്ര
പാർലമെന്റ് പരിസരത്ത് പ്രതിഷേധങ്ങൾക്കൊപ്പം മതചടങ്ങുകൾക്കും വിലക്കേർപ്പെടുത്തി ഇന്ന് സർക്കുലർ ഇറങ്ങിയിരുന്നു
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. പാർലമെന്റ് പരിസരത്ത് പ്രതിഷേധങ്ങൾക്കൊപ്പം മതചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മഹുവ പ്രധാനമന്ത്രിക്കെതിരെ മഹുവയുടെ പരോക്ഷ വിമർശനം.
''വെറും നാലു ദിവസം മുൻപാണ് ബഹുമാനപ്പെട്ട വരാണസി എം.പി പുതിയ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ ഒരു മതചടങ്ങ് നടത്തിയത്.''-പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മഹുവ ട്വീറ്റ് ചെയ്തു. പാർലമെന്റ് സെക്രട്ടറി ജനറൽ പി.സി മോദി പുറത്തിറക്കിയ ബുള്ളറ്റിൻ പങ്കുവച്ചായിരുന്നു അവരുടെ വിമർശനം.
പാർലമെന്റ് പരിസരത്ത് പ്രതിഷേധം, ധർണ, സത്യഗ്രഹം എന്നിവ നടത്തരുതെന്നാണ് ബുള്ളറ്റിനിൽ ജനപ്രതിനിധികളോട് നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം മതചടങ്ങുകൾക്കായും പാർലമെന്റ് പരിസരം ഉപയോഗിക്കരുതെന്നും അംഗങ്ങൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമാണം പുരോഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ പ്രധാനമന്ത്രി ദേശീയചിഹ്നം അനാച്ഛാദനം ചെയ്തത്. മോദി പങ്കെടുത്ത പ്രത്യേക പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്. ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ്, പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Summary: ''Honourable MP Varanasi performed a religious ceremony on top of new Parliament Building just 4 days ago'', Says TMC MP Mahua Moitra