ഇന്ന് ആദ്യ അന്താരാഷ്ട്രാ വിദ്വേഷ പ്രസംഗ പ്രതിരോധ ദിനം; നുപൂർ ശർമ ഇപ്പോഴും ഒളിവിൽ

നുപൂർ ശർമയെ ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിലെത്തിയിട്ടും അവരെ കണ്ടെത്താനായിട്ടില്ല

Update: 2022-06-18 12:55 GMT
Advertising

യുനൈറ്റഡ് നാഷൻസ് ഇന്ന് ആദ്യ അന്താരാഷ്ട്രാ വിദ്വേഷ പ്രസംഗ പ്രതിരോധ ദിനം ആചരിക്കവേ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർത്തിയ പ്രവാചക നിന്ദാ കേസിലെ പ്രതി നുപൂർ ശർമ ഇപ്പോഴും ഒളിവിൽ. മേയ് 26ന് ചാനൽ ചർച്ചയിൽ ബിജെപി വക്താവായി പങ്കെടുത്ത് മുഹമ്മദ് നബിയെ അവഹേളിച്ച നുപൂർ ശർമക്കെതിരെ ഇപ്പോഴും നടപടികൾ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ പരാമർശത്തിനെതിരെ പ്രതിഷേധിച്ച നിരവധി പേർക്കെതിരെ നടപടികൾ സ്വീകരിക്കുകയും അവരുടെ വീടുകളടക്കം നിയമവിരുദ്ധമായി തകർക്കുകയും ചെയ്തിരിക്കുകയാണ്. മതകീയ വിഭാഗിയത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹിന്ദുത്വ ശക്തികൾ ഉയർത്തിക്കൊണ്ടു വന്ന ഗ്യാൻവാപി മസ്ജിദ് ചർച്ചക്കിടയിലായിരുന്നു നുപൂർ ശർമ പ്രവാചക നിന്ദ നടത്തിയത്. തുടർന്ന് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായതോടെ നുപൂർ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.


വിവാദ പ്രസ്താവനയുള്ള വീഡിയോ  'അതിയായി എഡിറ്റ്' ചെയ്യപ്പെട്ടതാണെന്നായിരുന്നു നുപൂർ ശർമയുടെ ആദ്യ വാദം. എന്നാൽ അങ്ങനെയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ടൈംസ് നൗ ചാനൽ ഈ ഷോയുടെ പൂർണ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ പരാമർശത്തിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നൽകിയതോടെ ഡൽഹി പൊലീസ് അവർക്ക് സുരക്ഷയൊരുക്കിയിരിക്കുകയാണ്. എന്നാൽ നുപൂർ ശർമയെ ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിലെത്തിയിട്ടും അവരെ കണ്ടെത്താനായിട്ടില്ല. നുപൂർ ഒളിവിലാണെന്നാണ് വിവരം. ആറു ദിവസമായി മുംബൈ പൊലീസ് സംഘം ഡൽഹിയിൽ തമ്പടിച്ച് അന്വേഷണം നടത്തുകയാണ്. പ്രവാചക നിന്ദയുടെ പേരിൽ നുപൂർ ശർമക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുണ്ട്. ഡൽഹി സ്വദേശിയായ ഇർഫാൻ ശൈഖിന്റെ പരാതിയിൽ മെയ് 28നാണ് മുംബൈ പൊലീസ് നുപൂറിനെതിരെ കേസെടുത്തത്. നുപൂറിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.



തൃണമൂൽ കോൺ​ഗ്രസ് മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി അബ്ദുൽ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നുപൂറിനെതിരെ കേസെടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തുന്നതിനായി ജൂൺ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊൽക്കത്ത പൊലീസ് നുപൂർ ശർമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹി പൊലീസും നുപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.



ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് യു.എസ് ഭരണകൂടം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ന്യൂനപക്ഷവിരുദ്ധ വേട്ടയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടാണ് യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നത്.

United States Department of State's Report on International Religious Freedom for 2021 എന്ന പേരിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന മതസ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഗോസംരക്ഷകരുടെയും വിവിധ ഹിന്ദുത്വ സംഘങ്ങളുടെയും നേതൃത്വത്തിൽ നടന്ന കൊലപാതകങ്ങൾ, ആരാധനാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളെല്ലാം ഇതിൽ വിവരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നീക്കങ്ങളെയും ഇതിൽ വിശദീകരിച്ചു.


യു.എസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനാണ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ, ആരാധനാലയങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം റിപ്പോർട്ട് പുറത്തുവിട്ട ബ്ലിങ്കൻ സൂചിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭരണകൂടം ഇത്തരം അക്രമങ്ങളെ അവഗണിക്കുകയും, പലപ്പോഴും പിന്തുണയ്ക്കുക പോലും ചെയ്യുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ വകുപ്പിനു കീഴിലുള്ള ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം അംബാസഡർ റഷാദ് ഹുസൈൻ കുറ്റപ്പെടുത്തി.

ഹരിദ്വാറിലെ കൊലവിളി

ഓരോ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യ ലംഘനങ്ങളും ന്യൂനപക്ഷ വിരുദ്ധ നടപടികളും വെവ്വേറെ അക്കമിട്ട് റിപ്പോർട്ടിൽ നിരത്തിയിരുന്നു. മുസ്ലിം നരഹത്യയ്ക്ക് ആഹ്വാനമുണ്ടായ, യതി നരസിംഹനന്ദനിന്റെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ഹിന്ദു ധർമസൻസദിനെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. മുസ്ലിംകൾക്കെതിരെ ആയുധമെടുക്കാൻ ഹിന്ദുക്കൾക്ക് പ്രേരണ നൽകുകയും മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു ചടങ്ങിൽ നടന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടിട്ടും ധർമസൻസദ് സംഘാടകനായ നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വെറുതെവിടുകയാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റം ചുമത്തപ്പെട്ട ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല.

ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ

രാജ്യത്ത് ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ കുതിച്ചുയരുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2020ൽ ക്രിസ്ത്യൻ സമുദായത്തിനുനേരെ 279 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2021ൽ 486 ആയി ഉയർന്നിരിക്കുകയാണ്. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ക്രിസ്ത്യാനികൾക്കെതിരെ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കെതിരെ കൂടുതൽ അക്രമങ്ങൾ നടക്കുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുരോഹിതന്മാർക്കുനേരെ ആക്രമണമുണ്ടായി. ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ആരാധനാ ചടങ്ങുകൾ തടസപ്പെടുത്തിയതായും വിവരിക്കുന്നുണ്ട്. ക്രിസ്ത്യൻ സന്നദ്ധ സംഘമായ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം(യു.സി.എഫ്) പുറത്തുവിട്ട വിവരങ്ങൾ ആധാരമാക്കിയാണ് ഈ കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

മതപരിവർത്തനം നിയന്ത്രിച്ചുകൊണ്ട് നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആകെ 28 സംസ്ഥാനങ്ങളിൽ പത്തിടത്തും ഇത്തരത്തിലുള്ള നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തന നിരോധന നിയമം എന്ന പേരിൽ മതംമാറ്റം നിയന്ത്രിക്കുന്ന അരുണാചൽപ്രദേശ്, ചത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

യു.എസ് വിമർശനം

ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം അത്യധികം ഗുരുതരമായ സാമൂഹിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കഴിഞ്ഞ ഏപ്രിലിൽ യു.എസ് വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറിനെയും രാജ്നാഥ് സിങ്ങിനെയും സാക്ഷിനിർത്തിയായിരുന്നു യു.എസ് വിമർശനം.

യു.എസിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലെ വിമർശനത്തോട് കേന്ദ്ര മന്ത്രിമാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, പിന്നീട് രാജ്യത്ത് എത്തിയ ശേഷമായിരുന്നു പ്രതികരണം. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണെങ്കിൽ യു.എസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തങ്ങൾക്ക് പറയേണ്ടവരുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നതിനാൽ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് ഏജൻസി ആവശ്യപ്പെട്ടിരുന്നു. മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിലാണ് യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻറർനാഷണൽ റിലീജ്യസ് ഫ്രീഡം(USCIRF) ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നത്. അഫ്ഗാനിസ്ഥാൻ, ബർമ, ചൈന, എരിത്രിയ, ഇറാൻ, നൈജീരിയ, നോർത്ത് കൊറിയ, പാകിസ്താൻ, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിനോട് ഏജൻസി യു.എസ്.സി.ഐ.ആർ.എഫ് 2022 ലെ വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്.

2021ൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ വഷളായെന്നും കേന്ദ്ര സർക്കാറിന്റെ അജണ്ടകൾ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിഖ്, ദലിത് തുടങ്ങിയ മതന്യൂനപക്ഷങ്ങളെ മോശമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ നിലവിലുള്ള നിയമങ്ങളിലൂടെയും പുതിയ നിർമിച്ചും ദേശീയ- സംസ്ഥാന തലങ്ങളിൽ സർക്കാർ പ്രവർത്തിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ മേൽവിലാസത്തിലല്ല പുറത്തിറങ്ങിയിട്ടുള്ളത്. മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഏജൻസിയുടെ വിലയിരുത്തലാണ്.

നേരത്തെ രണ്ടു വർഷവും ഇന്ത്യ കമ്മീഷന്റെ വിലയിരുത്തൽ തള്ളിയിരുന്നു. ആരോപണം പക്ഷം ചേർന്നുള്ളതാണെന്ന് ആരോപിച്ചായിരുന്നു നീക്കം. യു.എ.പി.എ പ്രകാരം അറസ്റ്റിലായിരുന്ന ഫാദർ സ്റ്റാൻ സ്വാമി, മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസ് എന്നിവരെ കുറിച്ചുള്ള വിവരങ്ങളും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

Today International Day for Countering Hate Speech

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News