ലിയോ, സർപ്രൈസുമായി ലോകേഷ്, ആഷെസിൽ ജയത്തിനരികെ ആസ്‌ത്രേലിയ, അണ്ടർ17 ഏഷ്യ കപ്പ് ഇന്ത്യക്ക് തോൽവി; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാർത്തകൾ
സിംബാബ്‌വെയുടെ ഏകദിന ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയുമായി സിക്കന്ദർ റാസ
ജൂണ്‍ 20 'ലോക രാജ്യദ്രോഹികളുടെ ദിനം' ആയി പ്രഖ്യാപിക്കണം; യുഎന്‍ സെക്രട്ടറി ജനറലിന് കത്തെഴുതി സഞ്ജയ് റാവത്ത്
ജൂണ്‍ 20 'ലോക രാജ്യദ്രോഹികളുടെ ദിനം' ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കത്തെഴുതി ശിവസേന (യു.ബി.ടി) രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് 40 എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് റാവത്ത് കത്തെഴുതിയത്.'ജൂണ്‍ 21 ലോക യോഗാദിനമായി ആചരിക്കുന്നത് പോലെ ജൂണ്‍ 20 ലോക രാജ്യദ്രോഹി ദിനമാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു'- റാവത്ത് എഴുതി.
ലിയോ ആദ്യ സിംഗിൾ ആലപിച്ചിരിക്കുന്നത് ദളപതി വിജയ് : ആദ്യ സർപ്രൈസ് പ്രൊമോ പങ്കുവച്ച് ലോകേഷ് കനകരാജ്
ജൂൺ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. വിജയ്യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും.അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ് കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് ലോകേഷ് വെളിപ്പെടുത്തിയത്.
'റോക്കി ഔർ റാണി കീ പ്രേം കഹാനി'. ആദ്യ ടീസർ എത്തി
രൺവീർ സിംഗ് ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കരൺ ജോഹർ ചിത്രമാണ് 'റോക്കി ഔർ റാണി കീ പ്രേം കഹാനി'. ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻറെ േകരൺ ജോഹർ ചിത്രത്തിൻറെ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടീസർ. അതേസമയം പ്ലാട്ട് സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഒന്നും നൽകുന്നുമില്ല. 2016-ലെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം കരൺ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൻറെ ആദ്യ തിയറ്റർ റിലീസാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.
സിംബാബ്വെയുടെ ഏകദിന ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയോടെ സിക്കന്ദർ റാസ
ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയറിൽ നെതർലൻഡിനെതിരായ മത്സരത്തിൽ സിംബാബ്വെയുടെ ഏകദിന ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയോടെ സ്റ്റാർ ബാറ്റർ സിക്കന്ദർ റാസ. 54 പന്തിലാണ് സികന്ദർ 102 റൺസ് അടിച്ചുകൂട്ടിയത്. ബൗളിങ്ങിലും സികന്ദർ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 55 റൺസ് വിട്ട് കൊടുത്ത് നാല് വിക്കറ്റും നേടി. മത്സരത്തിൽ സിംബാബ്വെ 6 വിക്കറ്റിന് വിജയിച്ചു. നേപ്പാളിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സിംബാബ്വെ തങ്ങളുടെ മുന്നേറ്റം ആരംഭിച്ചത്.
'സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ'; ഇന്ത്യ എന്നും സമാധാനപക്ഷത്തെന്നും നരേന്ദ്രമോദി
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്രമോദി. യുഎസിലേക്കുള്ള യാത്രയ്ക്കായി എയർ ഇന്ത്യ വൺ വിമാനത്തിൽ കയറുന്നതിന് മുമ്പ്, ദ വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. തന്റെ ശക്തിയെക്കുറിച്ചും ചിന്താരീതിയെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.'സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി ഞാനാണ്. അതുകൊണ്ടുതന്നെ എന്റെ ചിന്താരീതി, പെരുമാറ്റം, ഞാൻ പറയുന്നതും ചെയ്യുന്നതുമൊക്കെ എന്റെ രാജ്യത്തിന്റെ ഗുണങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനവും സ്വാധീനവും ഉൾക്കൊണ്ടിട്ടുള്ളതാണ്. അതാണെന്റെ ശക്തി'- മോദി അവകാശപ്പെട്ടു.
'ആദിപുരുഷ്' വീണു? അഞ്ഞൂറു കോടി ചിത്രത്തിന്റെ നാലാം ദിവസ കളക്ഷൻ എട്ട് കോടി
വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങൾ പലതും ബോക്‌സ് ഓഫീസിൽ നേട്ടമുണ്ടാക്കാറുണ്ട്. ചിലത് മൂക്കുcകുത്തി വീഴാറുമുണ്ട്. ആദ്യ ദിവസങ്ങളിലെ നെഗറ്റീവ് റിപ്പോർട്ട് സിനിമയുടെ കളക്ഷനെ കാര്യമായി ബാധിക്കാറുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പുതിയ ചർച്ച പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രം ആദിപുരുഷ് ആണ്. ഓം റൗട്ട് രചനയും സംവിധാനവും നിർവഹിച്ച് പ്രഭാസ് നായകനായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോ മുതൽ നെഗറ്റീവ് റിവ്യൂകളാണ് വന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത നാലാം ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് എട്ടരക്കോടിയാണ്.
സലാർ തിയറ്ററിലെത്താൻ ഇനി 100 ദിവസം
കെജിഎഫിന്റെ മെഗാ വിജയത്തിനു ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഹെവി ആക്ഷൻ ത്രില്ലർ ചിത്രം സലാർ സെപ്റ്റംബർ 23 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് ഇനി 100 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഏറ്റവും അക്രമാസക്തനായ മനുഷ്യൻ, 100 ദിവസത്തിനുള്ളിൽ തീയറ്ററുകളിലെത്തുന്ന സലാറിന്റെ ഉദയത്തിന് സാക്ഷി! എന്ന കുറിപ്പോടെ നായകൻ പ്രഭാസ് തന്നെ ട്വിറ്ററിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ബാഹുബലി, കെജിഎഫ് , പൊന്നിയിൻ സെൽവൻ എന്നീ സിനിമകൾ പോലെ സലാറും രണ്ടു ഭാഗമായിട്ടാകും തിയറ്ററിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
അണ്ടർ 17 ഏഷ്യൻ കപ്പ് ഇന്ത്യക്ക് തോൽവി
അണ്ടർ 17 എഎഫ്സി ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത ഒരുഗോളിനാണ് ഉസ്ബാക്കിസ്ഥാനോട് ഇന്ത്യ തോൽവി സമ്മതിച്ചത്. 81-ാം മിനിറ്റിൽ റെയ്മോവ് നേടിയ ഏക ഗോളാണ് ബ്ലൂ കോൾട്ട്സിന് ഹൃദയഭേദകമായ തോൽവി സമ്മാനിച്ചത്. ഉസ്ബാക്കിസ്ഥാൻ താരങ്ങൾ കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ പന്ത് കൈവശം വയ്ക്കാൻ ഇന്ത്യൻ കളിക്കാർ നന്നായി പാടുപെടുന്നുണ്ടായിരുന്നു, ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യം കണ്ടത്. മറുവശത്ത്, ഉസ്‌ബെക്കിസ്ഥാൻ ടീം സജീവമായിരുന്നു ഇന്ത്യൻ ഗോൾ മുഖത്ത് നിരന്തരം അവർ ഭീഷണി തീർത്തു ഒമ്പത് ഷോട്ടുകൾ ഉതിർത്തു. കളിയുടെ അവസാനത്തിൽ മുഖ്മദലി റെയ്മോ ഉസ്ബാക്കിസ്ഥാന്റെ രക്ഷകനായി അവതരിച്ചു.
തോൽവിയോടെ ഇന്ത്യ രണ്ട് കളികളിൽ നിന്ന് ഒരു പോയന്റുമായി ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ്. ഗോൾ വ്യത്യാസത്തിൽ വിയറ്റ്നാമാണ് നാലാം സ്ഥാനത്ത്. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ജപ്പാനെതിരെയാണ്. നോക്കൗട്ടിലേക്ക് മുന്നേറണമെങ്കിൽ ജപ്പാനെ തോൽപ്പിക്കുകയും ഉസ്‌ബെക്കിസ്ഥാന് വിയറ്റ്‌നാമിനോട് തോൽക്കുകയും വേണം.
വീണ്ടും ഉസ്മാൻ ഖ്വാജ, ആഷസിൽ ജയത്തിനരികെ ആസ്‌ത്രേലിയ
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൻറ അഞ്ചാം ദിവസം മഴ വില്ലനായി എത്തിയെങ്കിലും കളി പുനരാരംഭിച്ചു. അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ച് വിക്കറ്റിന് 175 റൺസ് എന്ന നിലയിലാണ് ആസ്‌ത്രേലിയ. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വുറി നേടിയ ഉസ്മാൻ ഖ്വാജ രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ച്വുറിയുമായി ക്രീസിലുണ്ട്. 21 റൺസുമായി ഗ്രീനുമുണ്ട്. 101 റൺസാണ്് ആസ്‌ത്രേലിയക്ക് ഇനി ജയിക്കാനായി വേണ്ടത്.