ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം, എംബാപ്പെ ഇന്ത്യയിൽ സൂപ്പർ സൂപ്പർ ഹിറ്റെന്ന് നരേന്ദ്ര മോദി, 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കുന്നു; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം. ദൗത്യം പൂർണമായി വിജയം കണ്ടാൽ ചന്ദ്രനിൽ സുരക്ഷിതമായി സ്വന്തം പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
അഭിമാന നിമിഷം; ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം
ബഹിരാകാശത്ത് പുതുചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം. നേരത്തെ നിശ്ചയിച്ചതു പ്രകാരം 2.35ഓടെ തന്നെ ചന്ദ്രയാനുമായി എൽ.വി.എം 3-എം റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു. തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 24ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ദൗത്യം പൂർണമായി വിജയം കണ്ടാൽ ചന്ദ്രനിൽ സുരക്ഷിതമായി സ്വന്തം പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
'എംബാപ്പെ ഇന്ത്യയിൽ സൂപ്പർ സൂപ്പർ ഹിറ്റ്': പ്രധാനമന്ത്രി ഫ്രാന്‍സില്‍
ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോളര്‍ കൈലിയന്‍ എംബാപ്പെയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ കൈലിയന്‍ എംബാപ്പെ ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ്. കൈലിയന്‍ എംബാപ്പെയ്ക്ക് ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ ആരാധകര്‍ ഒരു പക്ഷേ, ഇന്ത്യയില്‍ ആയിരിക്കും' - നരേന്ദ്ര മോദി പറഞ്ഞു.
ജൂലൈ 15 ന് 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കുന്നു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മദിനവാർഷികമായ ജൂലൈ 15 മുതൽ തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലായി 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു അധികൃതർ അറിയിച്ചു.
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മാസം വിജയ് മക്കള്‍ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്. പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു.
'സഞ്ജൂ, എന്താണിത്?' സഞ്ജുവിനോട് ചോദ്യവുമായി ദിനേശ് കാർത്തിക്ക്
ഏകദിന ലോകകപ്പിന്റെ വരവറിയിച്ച് വിജയികൾക്കുള്ള കിരീടവുമായുള്ള പര്യടനം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. കേരളപര്യടനത്തിൽ ഏറെ കൗതുകമുണർത്തിയ കാഴ്ച ലോകകപ്പിനെ വളഞ്ഞ 'സഞ്ജുപട്ടാള'മായിരുന്നു. സഞ്ജുവിന്റെ ചിത്രമുള്ള മുഖംമൂടികള്‍ അണിഞ്ഞാണ് വിദ്യാര്‍ഥികള്‍ വിശ്വ കിരീടത്തെ വരവേറ്റത്. സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ വെളിവാക്കുന്നത് കൂടിയാണ് ചിത്രം. ഇന്ത്യൻ ടീമിലെ വെറ്ററൻ താരം ദിനേശ് കാർത്തിക് ഇക്കാര്യം ട്വിറ്ററില്‍ പറയുകയും ചെയ്തു.
'മംഗ്ലീഷ്' കൂടി ചേർത്തായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. കുട്ടികളുടെ ചിത്രം പങ്കുവച്ച് കാർത്തിക് ഇങ്ങനെ കുറിച്ചു: ''ഹഹഹ... ഇതൊരു സൂചനയല്ലെങ്കിൽ പിന്നെന്താണിത്! സഞ്ജൂ, എന്താണിത്''. പോസ്റ്റിൽ സഞ്ജുവിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സഞ്ജുവിനെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആരാധകരുടെ മുറവിളി ഉയരുന്നതിനിടെയാണ് ദിനേശ് കാർത്തിക്കിന്റെ പ്രതികരണം. അടുത്ത ഒക്ടോബർ ആദ്യവാരത്തിലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
പ്രളയക്കെടുതിയില്‍ ഡൽഹി; സുപ്രിംകോടതി പരിസരത്ത് വരെ വെള്ളമെത്തി
ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി.
മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.
ബി ടി എസ് താരം ജങ്കൂക്ക് സോളോ ഗാനം ഏറ്റെടുത്ത് ആരാധകർ
പ്രമുഖ കൊറിയൻ മ്യൂസിക്ക് ബാൻഡായ ബിടിഎസിലെ ജങ്കൂക്ക് തന്റെ സോളോ ഗാനം 'സെവൻ' പുറത്തിറക്കി. ഇതിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മറ്റ് ബിടിഎസ് അംഗങ്ങളും ജങ്കൂക്കിന്റെ ആൽബത്തിൽ സ്നേഹം പ്രകടിപ്പിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രശസ്ത അമേരിക്കൻ റാപ്പർ ലാറ്റോയും ദക്ഷിണ കൊറിയൻ നടി ഹാൻ സോ-ഹീയും 'സെവൻ' മ്യൂസിക് വീഡിയോയിൽ ഉണ്ട്.
നിമിഷ നേരം കൊണ്ടാണ് ഗാനം ട്രെൻഡിംഗിൽ ഇടം പിടിച്ചത്. ബിടിഎസിന്റെ ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തി.