മിന്നിയില്ല, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക്‌ തോൽവി; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

ഓൺലൈൻ ഗെയിമിന് ജി.എസ്.ടി

Update: 2023-07-16 14:55 GMT
Advertising

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് തോൽവി. ഈ മത്സരമടക്കമുള്ള ഹാഷ്ടാഗുകളാണ് ഇന്ന് ട്വിറ്റർ ട്രെൻഡിംഗ് പട്ടികയിലുള്ളത്. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 40 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന് 35.5 ഓവറിൽ 113 റൺസാണ് നേടാനായത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ നേടിയിരുന്നു. രണ്ടാം മത്സരത്തിന്റെ അവസാന ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ വനിതകൾ എട്ടു റൺസിന്റെ നാടകീയ ജയം പിടിച്ചെടുക്കുകയായിരുന്നു. ടി20 പരമ്പരയിൽ തിളങ്ങിയ മലയാളി താരം മിന്നു മണി ഏകദിന പരമ്പരയിൽ കളിക്കുന്നില്ല. അവർ കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.

ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനായി നൈജർ സുൽത്താൻ (39), ഫർഗാന ഹഖ് (27), സുൽത്താന ഖാത്തൂൻ (16) എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ബൗളിംഗിൽ മഅ്‌റൂഫ അക്തർ നാലും റാബിയ ഖാത്തൂൻ മൂന്നും വിക്കറ്റ് വീഴ്ത്തി. നാഹിദ് അക്തർ ഒരു വിക്കറ്റെടുത്തു.

ഇന്ത്യയ്ക്കായി ദീപ്തി ശർമ 20 ഉം യസ്തിക ബാട്ടിയ 15 ഉം റൺസ് നേടി. ബൗളിംഗിൽ നാലു വിക്കറ്റെടുത്ത അമൻ ജോത് കൗറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ദേവിക വൈദ്യയും തിളങ്ങി. ദീപ്തി ശർമ ഒരു വിക്കറ്റെടുത്തു.

ഓൺലൈൻ ഗെയിമിന് ജി.എസ്.ടി

ഓൺലൈൻ ഗെയിമിന് ജി.എസ്.ടി ഏർപ്പെടുത്താൻ ഈയടുത്ത് നടന്ന 50ാമത് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് കൗൺസിൽ -ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു. 28 ശതമാനമാണ് ജി.എസ്.ടി ഏർപ്പെടുത്തുക. ഇന്ത്യയുടെ ഗെയിമിംഗ് രംഗം 2025 ഓടെ അഞ്ച് ബില്യണ ഡോളറിന്റെ വളർച്ച നേടുമെന്നാണ് നിരീക്ഷപ്പെടുന്നത്. 28-30 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.

റാപ്പർ കിം നാം ജൂൻ

ദക്ഷിണ കൊറിയൻ ബോയ്‌സ് ബാൻഡായ ബിടിഎസ്സിന്റെ തലവനായ റാപ്പർ കിം നാം ജൂനുമായി ബന്ധപ്പെട്ട ട്വീറ്റുകളും വൈറലാണ്. ആർഎം എന്ന് കൂടി അറിയപ്പെടുന്ന റാപ്പറാണ് ഇദ്ദേഹം.

പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് 242 റൺസ്

പാകിസ്താനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസ്. അർധ സെഞ്ച്വറി നേടിയ ധനഞ്ചയ ഡി സിൽവയും (94 നോട്ട്ഔട്ട്) ഏഞ്ചലോ മാത്യൂസുമാണ് (64) സിംഹളർക്കായി തിളങ്ങിയത്. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ പാകിസ്താനായി 100 വിക്കറ്റെന്ന നേട്ടത്തിലെത്താൻ 23കാരനായി.

ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കുമെന്ന് കോൺഗ്രസ്

ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കുമെന്ന് കോൺഗ്രസ്. ഫെഡറൽ സംവിധാനത്തെ മോദി സർക്കാർ ആക്രമിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. കോൺഗ്രസ് നിലപാടിനെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തു. ബംഗളൂരുവിൽ നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.സി.പി.എം, സി.പി.ഐ, ജെ.ഡി (യു), തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ നേരത്തെ തന്നെ ഓർഡിനൻസിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് നിലപാട് പറയാൻ തയ്യാറായിരുന്നില്ല. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനിടെ കെജ്രിവാൾ കോൺഗ്രസ് നിലപാടിൽ അതൃപ്തി പരസ്യമാക്കിയിരുന്നു.

ഓർഡിനൻസിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തുടർയോഗങ്ങളിൽ പങ്കെടുക്കില്ലെന്നും കെജ്രിവാൾ ഭീഷണി മുഴക്കിയിരുന്നു.

No flash, India lose against Bangladesh in First ODI; Today's Twitter Trends…

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News