ആർ.എസ്.എസ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഘടനയിൽ പ്രവർത്തിക്കുന്നത് വിലക്കിയ അബദ്ധം മനസ്സിലാക്കാൻ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തു: മധ്യപ്രദേശ് ഹൈക്കോടതി

ആർ.എസ്.എസിൽ അംഗത്വമെടുക്കുകയെന്നാൽ സംഘടനയുടെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കെടുക്കുക മാത്രമല്ല ഉദ്ദേശിക്കുന്നത്, വർഗീയവും ദേശവിരുദ്ധവും മതേതര വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കുക എന്ന് കൂടിയാണെന്നും കോടതി പറഞ്ഞു.

Update: 2024-07-26 06:25 GMT
Advertising

ഭോപ്പാൽ: ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വിലക്ക് നീക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി. ആർ.എസ്.എസിനെ പ്രശംസിക്കുന്ന നിരീക്ഷണങ്ങളും കോടതി നടത്തി. ആർ.എസ്.എസ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഘടനയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാൻ പറ്റാത്ത സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അബദ്ധം തിരുത്താൻ കേന്ദ്രസർക്കാർ അഞ്ച് പതിറ്റാണ്ടെടുത്തു എന്നായിരുന്നു കോടതി പരാമർശം.

ഇൻഡോർ സ്വദേശിയായ വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ പുരുഷോത്തം ഗുപ്തയുടെ ഹരജിയാണ് കോടതി പരിഗണിച്ചത്. 2023 സെപ്റ്റംബറിലാണ് ആർ.എസ്.എസിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുപത കോടതിയെ സമീപിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് വിലക്കുന്ന സംഘടനകളുടെ പട്ടികയിൽനിന്ന് ആർ.എസ്.എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി ജൂലൈ 10ന് സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകിയിരുന്നു. ഇത് പരിഗണിച്ച് ഹരജി തീർപ്പാക്കുമ്പോഴാണ് കോടതി ആർ.എസ്.എസിനെ പ്രശംസിക്കുന്ന നിരീക്ഷണം നടത്തിയത്.

രാജ്യത്തെ പല രീതിയിൽ സേവിക്കണമെന്ന നിരവധി കേന്ദ്രസർക്കാർ ജീവനക്കാരുടെ ആഗ്രഹം ആർ.എസ്.എസിനെ വിലക്കിയത് മൂലം ഇല്ലാതായി. കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് അത് നീക്കിയതെന്നും ജസ്റ്റിസുമാരായ എസ്.എ ധർമാധികാരി, ഗജേന്ദ്ര സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഹരജി പരിഗണിച്ച് 10 മാസത്തിന് ശേഷവും കേന്ദ്രം മറുപടി നൽകാത്തതിൽ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മേയ് 22ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഓൺലൈനായി ഹാജരായി മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസിനെ വിലക്കപ്പെട്ട സംഘടനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് ഏതെങ്കിലും പഠനത്തിന്റെയോ സർവേയുടെയോ അടിസ്ഥാനത്തിലായിരിക്കില്ല. അതുകൊണ്ടായിരിക്കും മറുപടി വൈകുന്നതെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.

ആർ.എസ്.എസ് നടത്തുന്ന രാഷ്ട്രീയേതര പ്രവർത്തനങ്ങളെപ്പോലും വർഗീയവും മതേതര വിരുദ്ധവും ദേശീയ താൽപ്പര്യത്തിന് എതിരായും മുദ്ര കുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. അത് സംഘടനക്ക് മാത്രമല്ല, നല്ല ഉദ്ദേശത്തോടെ അതുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടി തിരിച്ചടിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരാൾ ആർ.എസ്.എസിൽ അംഗത്വമെടുക്കുകയെന്നാൽ സംഘടനയുടെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കെടുക്കുക മാത്രമല്ല ഉദ്ദേശിക്കുന്നത്, വർഗീയവും ദേശവിരുദ്ധവും മതേതര വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കുക എന്ന് കൂടിയാണെന്നും കോടതി പറഞ്ഞു.

ആർ.എസ്.എസ് നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സേവാ ഭാരതി, സരസ്വതി ശിശു മന്ദിരം തുടങ്ങിയവ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ്. സരസ്വതി മന്ദിരങ്ങൾ വഴി ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കോടതി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News