പശു സംരക്ഷകരുടെ ആക്രമണത്തിൽ വലഞ്ഞ് കച്ചവടക്കാർ; ഗോവയിൽ ബീഫ് ക്ഷാമം
സംസ്ഥാനത്ത് പശുസംരക്ഷകർ വീടുകളിൽ അതിക്രമിച്ച് കയറി ഫ്രിഡ്ജ് പരിശോധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു
പനാജി: രാജ്യത്ത് ബീഫ് നിരോധനമില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. ക്രിസ്മസ് കാലത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം ബീഫ് വിൽപ്പന നടക്കുന്നത്. എന്നാൽ ഈ വർഷം ഗോവയിൽ ബീഫിന് വൻതോതിൽ ക്ഷാമമെന്ന് റിപ്പോർട്ട്. വർധിച്ചുവരുന്ന പശു സംരക്ഷക സംഘങ്ങളുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ബീഫ് കച്ചവടക്കാർ സമരത്തിനിറങ്ങിയതോടെയാണ് സംസ്ഥാനം ബീഫ് ക്ഷാമത്തിലേക്ക് കടന്നിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ ബീഫ് വിൽപ്പനക്കാരുടെ സംഘടനകളിലൊന്നായ ഖുറേഷി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷൻ (QMTA) സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബീഫ് സ്റ്റാളുകൾക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം വർധിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് സംഘടന കത്തയച്ചിരുന്നു.
മർഗാവോയിലാണ് അവസാനത്തെ ആക്രമണം നടന്നത്. ഈ സംഘടനകൾക്കെതിരെ നടപടിയൊരുക്കണമെന്നും തങ്ങൾക്ക് ഈ സംഘടനകളിൽ നിന്നും സർക്കാർ സുരക്ഷയൊരുക്കണമെന്നും സംഘടനയിലെ അംഗമായ അബ്ദുൽ ബേപാരി പറഞ്ഞു.
തങ്ങൾ പലതവണ പൊലീസിൽ പരാതിപ്പെട്ടെന്നും എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബേപാരി പറഞ്ഞു. തങ്ങൾക്ക് സുരക്ഷ ഒരുക്കുന്നത് വരെ സമരം തുടരുമെന്നും അദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റ് കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മാസം 20 മുതൽ 25 ടൺ വരെ ബീഫ് വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ വിനോദസഞ്ചാര സീസണിലും ക്രിസ്മസ് സമയത്തും വിൽപ്പന വർധിക്കാറുണ്ട്.
സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, ആക്രമണത്തിന് പിന്നിലുള്ളവർ നിയമം പിന്തുടരണമെന്നും കോൺഗ്രസ് എംഎൽഎ കാരോൾസ് ആൽവരെസ് ഫെരൈര പറഞ്ഞു.
വീടുകളിലേക്ക് അപ്രതീക്ഷിതമായി ആളുകൾ അതിക്രമിച്ചു കയറുന്നതും ഫ്രിഡ്ജും മറ്റും തുറന്ന് ബീഫിനായി പരിശോധിക്കുന്ന സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഗോമാംസം വിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വീടുകളിലേക്കും കടകളിലേക്കും പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദമുണ്ടെന്നാണ് ഇത്തരം സംഘടനകൾ അവകാശപ്പെടുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റ് സ്ഥാപനമായ ഗോവ മീറ്റ് കോംപെക്‌സിൽ നിന്നും ബീഫ് എത്തിക്കുമെന്നും കുറവ് നികത്തുമെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞു.