ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ജീവനക്കാരിക്ക് മർദനവും അധിക്ഷേപവും; ട്രാഫിക് പൊലീസുകാരന് സസ്പെൻഷൻ
ഇൻസ്പെക്ടറുടെ അപമര്യാദയായ പെരുമാറ്റം പൊലീസ് വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
റായ്പൂർ: സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത ട്രാഫിക് പൊലീസുകാരന് സസ്പെൻഷൻ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വനിതാ ഹോസ്റ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
മർദനത്തിനു പിന്നാലെ ഇരയായ ജീവനക്കാരിയും ഹോസ്റ്റൽ ഉടമയും റായ്പൂരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകി. തുടർന്ന്, സീനിയർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ വിഷയത്തിലിടപെടുകയും ട്രാഫിക് പൊലീസുകാരനെ ഉടനടി സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസുകാരൻ ഹോസ്റ്റലിലെത്തുകയും തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു എന്ന് യുവതി പറഞ്ഞതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
'റായ്പൂരിലെ ട്രാഫിക് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഇൻസ്പെക്ടറുടെ അച്ചടക്കമില്ലായ്മയും അപമര്യാദയായ പെരുമാറ്റവും പൊലീസ് വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. അതിനാൽ, അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്ന'തായി ഉത്തരവിൽ പറയുന്നു. അതേസമയം, തന്നെയും പൊലീസുകാരൻ ആക്രമിച്ചതായും അസഭ്യം പറഞ്ഞതായും ഹോസ്റ്റൽ ഉടമയും മാധ്യമപ്രവർത്തകരോട് പറഞ്ഞു.