ഒരു വർഷത്തിനിടെ 40 അപകടം, 317 മരണം; പാഠം പഠിക്കാതെ കേന്ദ്രം, ആധിയേറ്റി ട്രെയിൻ യാത്ര

സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

Update: 2024-10-12 12:18 GMT
Advertising

ഇന്ത്യയിലെ സാധാരണക്കാർ എന്നും ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റെയിൽവേ. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓരോ യാത്രക്കാരും ട്രെയിനിൽ കയറുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി അപകടപാതയിലൂടെയാണ് ട്രെയിനുകൾ ചൂളംവിളിച്ച് പായുന്നത്.

കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കി മോദി സർക്കാർ വീമ്പുപറയു​മ്പോഴും സാധാരണക്കാർ ഉപയോഗിക്കുന്ന വണ്ടികളിൽ കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇരിക്കാനിടമില്ലാതെ യാത്രക്കാർ തളർന്ന് വീഴുന്ന വാർത്തകൾ നിരവധിയാണ് വരുന്നത്. ഇതിന് പുറമെയാണ് അടിക്കടി ഉണ്ടാകുന്നത് അപകടങ്ങൾ. അതിന്റെ ഒടുവിലത്തെ ഉദഹാരണമായിരുന്നു വെള്ളിയാഴ്ച തമിഴ്നാട്ടിൽ നടന്നത്. പാസഞ്ചർ ​ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. രണ്ട് കോച്ചുകൾ കത്തുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.

കൂട്ടിയിടികൾ ഉൾപ്പെടെ നിരവധി അപകടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായത്. സംവിധാനങ്ങളുടെ പാളിച്ചകളാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷ കക്ഷികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും അദ്ദേഹം ചോദിക്കുന്നു.

പത്ത് വർഷത്തിനിടെ 638 അപകടങ്ങൾ

2023-24 സാമ്പത്തിക വർഷം മാത്രം 40 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ റെയിൽവേ മന്ത്രാലയം പറയുന്നു. ഈ അപകടങ്ങളിലായി 313 യാത്രക്കാരും നാല് റെയിൽ​വേ ജീവനക്കാരും മരിച്ചു. കൂടാതെ 744 യാത്രക്കാർക്കും അഞ്ച് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 638 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 719 യാത്രക്കാരും 29 ജീവനക്കാരുമാണ് മരണപ്പെട്ടത്. ഇതിൽ പകുതിയുടെ അടുത്ത് മരണമുണ്ടായത് കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ്. 2016-17 കാലയളവിലാണ് കൂടതൽ മരണങ്ങളുണ്ടായ മറ്റൊരു വർഷം. അന്ന് 195 യാത്രക്കാരും മൂന്ന് റെയിൽവേ ജീവനക്കാരും മരിച്ചു. നാല് ജീവനക്കാർ ഉൾപ്പെടെ 350 പേർക്കാണ് പരിക്കേറ്റത്.

അപകടങ്ങളും മരണസംഖ്യയും വർധിക്കുന്നത് ഗുരുതര ആശങ്കയാണ് ഉയർത്തുന്നത്. റെയിൽവേയിലെ ഒഴിവുകൾ അടിയന്തരമായി നികത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകൾ വിരൽചൂണ്ടുന്നു. 2024 ഏപ്രിൽ ഒന്ന് വരെയുള്ള കണക്കുപ്രകാരം ഗസറ്റഡ് കേഡറുകളിൽ മാത്രമായി 3223 ഒഴിവുകളാണ് നികത്താനുള്ളത്.

സംഭവിക്കാൻ കാത്തിരിക്കുന്ന ദുരന്തങ്ങൾ

ജീവനക്കാരുടെ അഭാവത്തിന് പുറമെ മതിയായ പരിശീലനം നൽകാത്തതും വിനയാകുന്നുണ്ട്. ഇതിന്റെ ഉദാഹരണമായിരുന്നു പശ്ചിമ ബംഗാളിൽ ജൂൺ 17ന് സംഭവിച്ച അപകടം. അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്‌സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയിൽ വെച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റടക്കം 10 പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

ഈ ട്രെയിനപകടം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നെന്നാണ് അന്ന് അപകടം സംബന്ധിച്ച് പഠിച്ച റെയിൽവേ സുരക്ഷാ കമ്മീഷണർ പറഞ്ഞത്. ഒന്നിലധികം തലങ്ങളിലുള്ള വീഴ്ചകൾ അന്വേഷണത്തിൽ കണ്ടെത്തി. ഓട്ടോമാറ്റിക് സിഗ്നൽ സോണുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലെ പാളിച്ചകളും ലോക്കോ പൈലറ്റുമാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും പരിശീലനക്കുറവുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓട്ടോമാറ്റിക് ട്രെയിൻ- പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പാക്കാനും റെയിൽവേ സുരക്ഷാ കമ്മീഷണർ ശിപാർശ ചെയ്തു.

ഓട്ടോമാറ്റിക് സിഗ്നലിംഗ് പ്രദേശത്തുള്ള ട്രെയിൻ പ്രവർത്തനത്തെക്കുറിച്ച് ലോക്കോ പൈലറ്റുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപകടകരമാം വി​ധം 208 സിഗ്നൽ പാസിങ് കേസുകൾ സംഭവിച്ചു. ഇതിൽ 12 എണ്ണം കൂട്ടിയിടിക്കലിന് കാരണമായി. ഇത് റെയിൽവേ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പരിമിതികൾ എടുത്തുകാണിക്കുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒന്നിലധികം സിഗ്നലുകൾ തകരാറിലായാൽ റെയിൽ അഡ്മിനിസ്ട്രേഷന് മൂന്ന് വഴികളാണുള്ളത്. സിഗ്നലിൽ ഒരു മിനിറ്റ് ട്രെയിൻ നിർത്തിയശേഷം അടുത്ത സ്റ്റോപ്പ് സിഗ്നൽ വരെ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകുക, ലോക്കോ പൈലറ്റുമാർക്ക് ഒരു ടി/എ 912 ഫോം നൽകുക, വലിയ സിഗ്നൽ പരാജയമായി കണക്കാക്കി ഓട്ടോമാറ്റിക് ബ്ലോക്ക് സിസ്റ്റം പിന്തുടരുക തുടങ്ങിയവയാണ് ഇവ. എന്നാൽ, അപകടസമയത്ത് ഇവയൊന്നും പിന്തുടർന്നിരുന്നില്ല. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിൽ വോക്കി ടോക്കികളുടെ കുറവുണ്ടെന്നും റെയിൽവേ സുരക്ഷാ കമീഷണർ അറിയിച്ചു.

ഡിവിഷനൽ തലത്തിലുള്ള കൺട്രോൾ ഓഫീസിൽ ഒരു സീനിയർ സെക്ഷൻ എഞ്ചിനീയർ, ഒരു ജൂനിയർ എഞ്ചിനീയർ, ഒരു ഹെൽപ്പർ എന്നിവർ എട്ട് മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതാണ്. എന്നാൽ അപകടസമയത്ത് സിഗ്നലിംഗ് കൺട്രോൾ ഓഫീസ് ഒരു ടെക്നീഷ്യനാണ് കൈകാര്യം ചെയ്തത്. ടെക്നീഷ്യൻ തലത്തിലുള്ള ഒരു സ്റ്റാഫിന് ഇത്രയും വലിയ സിഗ്നലിംഗ് സംവിധാനം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും കമീഷണർ വ്യക്തമാക്കി.

ജോലിഭാരത്താൽ വലയുന്ന ജീവനക്കാർ

റെയിൽവേ ജീവനക്കാർ അമിതനേരം ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണെന്ന് തൊഴിലാളി യൂനിയനുകളും കുറ്റപ്പെടുത്തുന്നുണ്ട്. ബംഗാളിലുണ്ടായ അപകടത്തിൽ മരിച്ച ലോക്കോ പൈലറ്റ് തുടർച്ചയായി നാല് പകലും രാത്രിയും ജോലി ചെയ്തയാളാണ്. ന്യൂജൽപായ്ഗുരി സ്റ്റേഷനിലെ റണ്ണിങ് റൂമിൽ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തോട് രാത്രി 2.30നാണ് ഡ്യൂട്ടിക്ക് കയറാൻ ആവശ്യപ്പെടുന്നത്. ട്രെയിൻ ഓടിക്കാൻ സാധ്യമല്ലെന്ന് കുമാർ അറിയിച്ചെങ്കിലും രാവിലെ 6.30ന് ചാർജ് എടുക്കാൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ ചിത്രമുള്ള സെൽഫി പോയിന്റുകൾ സ്ഥാപിക്കാനും അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകൾ സൗന്ദര്യവത്കരിക്കാനും കേന്ദ്ര സർക്കാർ 20,400 കോടിയാണ് ചെലവഴിക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ യാത്രക്കാരുടെ സുരക്ഷ അവഗണിക്കുകയാണെന്നും യൂനിയനുകൾ കുറ്റപ്പെടുത്തുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News